വടകര മുളിയേരി പീഡനക്കേസില്‍ പ്രതികളായ മുന്‍ സിപിഎം പ്രാദേശിക നേതാക്കള്‍ പിടിയില്‍. ബാബുരാജ്, ലിജീഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സിപിഎം മുളിയേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ബാബുരാജ്. ലിജീഷ് ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയായിരുന്നു. ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം വടകര ഏരിയ സെക്രട്ടറി അറിയിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും. ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും വടകര പൊലീസ് അറിയിച്ചു.

ഇരുവരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സിപിഎം വടകര ഏരിയാ സെക്രട്ടറി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.എന്നാല്‍ പരാതി ലഭിച്ചിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ എംഎല്‍എ. കെ.കെ. രമ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.മൂന്നു മാസങ്ങള്‍ക്കുമുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 11 മണിയോടെ വീടിന്റെ കതക് തള്ളിത്തുറന്ന് അകത്തുകയറിയ ബാബുരാജ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പിന്നീട് പലതവണ ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു. ബാബുരാജിന്റെ നിര്‍ദേശപ്രകാരം പിന്നീട് ലിജീഷും വീട്ടിലെത്തി പലയാവര്‍ത്തി പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പരാതിക്കാരിയായ സ്ത്രീയെ ഇന്നലെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നെന്നാരോപിച്ച്‌ യുവമോര്‍ച്ച രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ ഉന്നതങ്ങളില്‍ പിടിയുള്ളത് കൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നാണ് ആരോപണം ഉയര്‍ന്നത്. എന്നാല്‍ പ്രതികള്‍ ഒളിവിലല്ലെന്നും യുവതിയുടെ വിശദമായ മൊഴി എടുത്തതിന് ശേഷമാകും അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഉണ്ടാകുകയെന്നുമായിരുന്നു പൊലീസ് അറിയിച്ചത്.