തെരഞ്ഞെടുപ്പിനു തൊട്ടു മുന്നേ പാലായിൽ ഉണ്ടാകുന്നത് അത്യന്തം നാടകീയരംഗങ്ങൾ ആണ്. ഇന്ന് നടന്ന പാലാ നഗരസഭയുടെ യോഗത്തിൽ ഭരണപക്ഷ അംഗങ്ങൾ തമ്മിൽ തല്ലുണ്ടായത് സിപിഎം – കേരള കോൺഗ്രസ് ബന്ധം എത്രമാത്രം ദുർബലമാണ്  എന്നതിൻറെ കൃത്യമായ സൂചനയാണ്. പാർട്ടി നേതൃത്വങ്ങൾ ഇടപെട്ട് പരിഹാരം ഉണ്ടാക്കുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇരുപക്ഷത്തിനും ഉള്ളിൽ ഏറ്റ മുറിവ് ഉണങ്ങുക എളുപ്പമല്ല. സിപിഎമ്മിനെ സംബന്ധിച്ച് തങ്ങളുടെ പാർലമെൻററി പാർട്ടി ലീഡർ ആണ് ഘടകകക്ഷി നേതാവിനാൽ ആക്രമിക്കപ്പെട്ടിരിക്കുന്നത്.

വിവരമറിഞ്ഞ് സിഐടിയു തൊഴിലാളികൾ ഉൾപ്പെടെ വലിയ വിഭാഗം ആളുകൾ മുനിസിപ്പൽ ഓഫീസിൽ എത്തിയിരുന്നു. അടിക്ക് തിരിച്ചടി എന്ന തീവ്ര നിലപാടിൽ നിന്ന പ്രവർത്തകരെ നേതൃത്വം ഒരു വിധമാണ് അനുനയിപ്പിച്ച് പിരിച്ചുവിട്ടത്. കേരള കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഒരു പ്രമുഖ നേതാവാണ് ചാനൽ ക്യാമറകൾക്ക് മുമ്പിൽ കണ്ണുനീരൊഴുക്കി തന്നെ സിപിഎം പാർലമെൻറ് ലീഡർ മർദ്ദിച്ചു എന്ന് വിലപിച്ചത്. പാർട്ടിക്കാർ തല്ലു കൊള്ളികൾ ആണെന്ന് ജനങ്ങൾ വിലയിരുത്തുമെന്ന ജാള്യത പുലർത്തുന്ന ഒരു വിഭാഗം നേതാക്കൾ ബൈജുവിൻറെ കരച്ചിലിനെ വിമർശിച്ച് സംസാരിക്കുന്നുണ്ട്. ജോസ് കെ മാണിയുടെ  അടുപ്പകാരനെ സിപിഎം നേതാവ് കൗൺസിൽ ഹാളിൽ ഇട്ട് തല്ലി പരുവപ്പെടുത്തി എന്നത് വലിയ ഒരു വിഭാഗം കേരള കോൺഗ്രസ് പ്രവർത്തകർക്ക് ഇടതുമുന്നണി ബന്ധത്തിലുള്ള ആശങ്ക വർധിപ്പിക്കുന്നതാണ്.

തിരഞ്ഞെടുപ്പിന് വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ ബാക്കിനിൽക്കെ സിപിഎം – കേരള കോൺഗ്രസ് സംഘർഷം പൊതു സമൂഹത്തിനു തെറ്റായ സന്ദേശമാണ് നൽകുന്നത് എന്ന ആശങ്കയാണ് പ്രചരണ രംഗത്തുള്ള കേരള കോൺഗ്രസ് നേതാക്കൾ പങ്കുവയ്ക്കുന്നത്. ടിവി ക്യാമറകൾക്ക് മുന്നിലുള്ള ബൈജുവിൻറെ വിലാപം ജനങ്ങൾക്കുമുമ്പിൽ സ്വയം പരിഹാസ്യമാക്കുന്ന സാഹചര്യം സൃഷ്ടിച്ചു എന്ന അഭിപ്രായവും കേരള കോൺഗ്രസിൽ നിലനിൽക്കുന്നു. തീവ്ര പ്രചരണ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ട സമയത്ത് അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് സമയം നഷ്ടപ്പെടുത്തുന്നതും, സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്ന പരിഹാസ ട്രോളുകളും ജോസ് കെ മാണിക്ക് വലിയ പ്രതിസന്ധി ആകും എന്ന കാര്യത്തിൽ തർക്കമില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2