ആത്മീയ ആചാര്യനായ ശ്രീ.എമ്മിന് നാലേക്കര്‍ ഭൂമി പതിച്ചു നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. തിരുവനന്തപുരം ജില്ലയിലെ ചെറുവക്കലില്‍ നാലേക്കര്‍ ഭൂമി മുപ്പത്തിനാല് ലക്ഷം രൂപയുടെ വാര്‍ഷിക പാട്ടത്തിനാണ് നല്‍കുക. അജന്‍ഡക്ക് പുറത്ത് മന്ത്രിസഭയെടുത്ത തീരുമാനമാണ് റെക്കോഡ് വേഗത്തില്‍ റവന്യൂ വകുപ്പ് നടപ്പാക്കിയത്. യോഗ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനാണ് ആത്മീയ ആചാര്യനും സത്സംഗ് ഫൗണ്ടേഷന്‍ അധ്യക്ഷനുമായ ശ്രീ.എമ്മിന് നാലേക്കര്‍ ഭൂമി പതിച്ചു നല്‍കിയത്.

തിരുവനന്തപുരം ചെറുവക്കല്‍ വില്ലേജില്‍ 17.5 കോടി തറവിലയുള്ള ഭൂമിയാണ് പത്ത് വര്‍ഷത്തെ പാട്ടത്തിന് നല്‍കി‌ക്കൊണ്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയത്. മന്ത്രിസഭാ യോഗമാണ് അജന്‍ഡക്ക് പുറത്ത് വിഷയം ചര്‍ച്ച ചെയ്തതും ഭൂമി നല്‍കാന്‍ തീരുമാനിച്ചതും. മന്ത്രിസഭക്ക് മുന്നില്‍ വിഷയം എത്തുമ്ബോള്‍ റവന്യൂ, ധന വകുപ്പുകള്‍ അറിഞ്ഞിരുന്നില്ല. സിപിഎമ്മിന്‍റെ താല്‍പര്യപ്രകാരമാണ് ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാരയായി പ്രവര്‍ത്തിച്ചത് ശ്രീ.എമ്മാണെന്നും അതിനുള്ള ഉപകാര സ്മരണയാണ് ഭൂമി നല്‍കിയതെന്നുമാണ് യുഡിഎഫിന്‍റെ ആക്ഷേപം. തിരുവനന്തപുരം കലക്ടര്‍ സ്ഥലം കണ്ടെത്തി പത്ത് ദീവസത്തിനകം റെക്കോര്‍ഡ് വേഗത്തിലാണ് സര്‍ക്കാര്‍ തീരുമാനം വന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്ന തീയതിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2