മലപ്പുറം: 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ എല്‍ഡിഎഫ് നേടിയത് നാല് സീറ്റുകള്‍ ആയിരുന്നു. അതില്‍ ഒരു സീറ്റില്‍ സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയും മൂന്നിടത്ത് എല്‍ഡിഎഫ് സ്വതന്ത്രരും വിജയിച്ചു. ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ സിപിഎം ഉറപ്പിക്കുന്നത് ആകെ ഒരു സീറ്റ് മാത്രമാണെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ഒരു സ്ഥാനാര്‍ത്ഥി പോലും വിജയം ഉറപ്പിക്കുന്നില്ല എന്നാണ് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 16 ല്‍ 12 സീറ്റുകളും യുഡിഎഫ് ആണ് വിജയിച്ചത്. അതില്‍ തന്നെ 11 സീറ്റുകളിലും മുസ്ലീം ലീഗിന് ആയിരുന്നു വിജയം. എല്‍ഡിഎഫ് വിജയിച്ചത് നാല് സീറ്റുകളില്‍ ആയിരുന്നു. പൊന്നാനി, തവനൂര്‍, താനൂര്‍, നിലമ്ബൂര്‍ സീറ്റുകളാണ് എല്‍ഡിഎഫ് സ്വന്തമാക്കിയത്.

വോട്ടെടുപ്പ് കഴിഞ്ഞ് ബുത്ത് തല കണക്കുകള്‍ പരിശോധിച്ചതിന് ശേഷം സിപിഎം നടത്തുന്ന വിലയിരുത്തലില്‍ ഷുവര്‍ സീറ്റ് ഒന്ന് മാത്രമാണ് മലപ്പുറത്തുളളത്. അത് കെടി ജലീല്‍ മത്സരിച്ച തവനൂര്‍ മണ്ഡലം ആണ്. എല്‍ഡിഎഫ് സ്വതന്ത്രനായിട്ടാണ് കെടി ജലീല്‍ മത്സരിച്ചത്. നാല് സിറ്റിങ് സീറ്റുകളില്‍ ഒരിടത്ത് ജയം ഉറപ്പിക്കുമ്ബോള്‍, രണ്ടിടത്ത് ഇഞ്ചോടിഞ്ച് പോരാട്ടം എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. പൊന്നാനിയിലും നിലമ്ബൂരിലും ആണ് കടുത്ത പോരാട്ടം എന്ന് വിലയിരുത്തലുള്ളത്. ഈ രണ്ടിടത്തും കോണ്‍ഗ്രസ് ആണ് എതിരാളികള്‍ എന്ന പ്രത്യേകതയും ഉണ്ട്. കഴിഞ്ഞ തവണ വി അബ്ദുറഹ്മാനിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്ത മണ്ഡലം ആണ് താനൂര്‍. ഇത്തവണയും അബ്ദുറഹ്മാനെ തന്നെയാണ് സിപിഎം രംഗത്തിറക്കിയത്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ആണ് ഇവിടെ സ്ഥാനാര്‍ത്ഥി. താനൂര്‍ ഇത്തവണ ഇടത്തേക്ക് തിരിയില്ലെന്നാണ് സിപിഎം വിലയിരുത്തല്‍.

സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് പൊന്നാനി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ മണ്ഡലം. ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച്‌ സിപിഎമ്മില്‍ പരസ്യ പ്രതിഷേധങ്ങള്‍ അരങ്ങേറിയ മണ്ഡലം എന്ന പ്രത്യേകതയും പൊന്നാനിയ്ക്കുണ്ട്. പി നന്ദകുമാര്‍ ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥി. യൂത്ത് കോണ്‍ഗ്രസ് നേതാവ് എഎം രോഹിത്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇവിടേയും ശക്തമായ മത്സരം ആണ് സിപിഎമ്മിന്റെ വിലയിരുത്തലില്‍. ഉറപ്പിച്ച വോട്ടുകള്‍ മാത്രം കണക്കാക്കിയാണ് ഇത്തവണത്തെ സിപിഎമ്മിന്റെ വിലയിരുത്തലുകള്‍ എന്നാണ് വിവരം. എന്നാല്‍ അണികളുടെ കണക്കില്‍ മൂന്ന് മണ്ഡലങ്ങളില്‍ മലപ്പുറത്ത് ജയം ഉറപ്പാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2