ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിലെ ഇരകള്‍ക്കായി കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് സിപിഎം പിരിച്ച കോടികള്‍ ഇനിയും ചെലവഴിച്ചില്ല. വംശീയാതിക്രമത്തിന് ഒരാണ്ട് പിന്നിടുന്ന വേളയില്‍ ‘മാധ്യമ’മാണ് വാര്‍ത്ത പുറത്തു വിട്ടത്. പാര്‍ട്ടി നടത്തിയ പിരിവില്‍ ഏറ്റവും തുക പിരിഞ്ഞുകിട്ടിയത് കേരളത്തില്‍നിന്നാണെന്ന് ഡല്‍ഹി വംശീയാതിക്രമത്തിലെ ഇരകളുടെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും സജീവമായുണ്ടായിരുന്ന അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന് ഡല്‍ഹി സെക്രട്ടറി ആശ ശര്‍മ ‘മാധ്യമ’ത്തോടു പറഞ്ഞു. അതോടൊപ്പം ഡല്‍ഹി പോലുള്ള മറ്റു സംസ്ഥാനങ്ങളില്‍നിന്നും വലിയ തുക പിരിഞ്ഞുകിട്ടിയിട്ടുണ്ട്. ഇരകളുടെ ഭവന നിര്‍മാണത്തിനാണ് ഇത്രയും വലിയ തുക ജനം നല്‍കിയത് എന്നും അവര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
രാജ്യത്തുനിന്ന് ഒട്ടാകെ എത്ര തുക പിരിഞ്ഞുകിട്ടി എന്ന് അവര്‍ വ്യക്തമാക്കിയില്ല. അതേസമയം, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ആഹ്വാന പ്രകാരം ഡല്‍ഹി കലാപബാധിതര്‍ക്കുവേണ്ടി സി.പി.എം സമാഹരിച്ച തുകയുടെ കണക്ക് സി.പി.എം മുഖപത്രമായ ദേശാഭിമാനി പുറത്തുവിട്ടിരുന്നു. കേരളത്തില്‍നിന്നുമാത്രം 5.30 കോടി രൂപയാണ് സി.പി.എം പിരിച്ചതെന്ന് ജില്ല തിരിച്ച് പ്രസിദ്ധീകരിച്ച കണക്കില്‍ സി.പി.എം മുഖപത്രം വെളിപ്പെടുത്തിയിരുന്നു.
കൊല്ലപ്പെട്ട 53 പേരുടെ കുടുംബത്തിനും അന്ന് ഓരോ ലക്ഷം രൂപ വീതം നല്‍കിയതാണ് പിരിച്ചെടുത്ത തുകയില്‍നിന്ന് നടത്തിയ ഏറ്റവും വലിയ ഫണ്ട് വിനിയോഗം. ഇതു കൂടാതെ കലാപത്തില്‍ പരിക്കേറ്റവരുടെ 17 കുടുംബങ്ങള്‍ക്ക് 5,000 മുതല്‍ 20,000 രൂപ വരെയുള്ള സാമ്ബത്തിക സഹായവും പാര്‍ട്ടി നല്കി. സി.പി.എമ്മിന്റെ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ റേഷന്‍ പുറമെ ഇരകള്‍ക്ക് വസ്ത്രങ്ങളും സാനിറ്ററി നാപ്കിനുകളും ഗ്യാസ് സിലിണ്ടറുകളും സീലിങ് ഫാനുകളും കലാപത്തിലെ ഇരകളുടെ ആശ്രയമായിരുന്ന മുസ്തഫാബാദ് അല്‍ ഹിന്ദ് ആശുപത്രിക്ക് മരുന്നുകളും നല്കി.
ഖജൂരി ഖാസ്, കരാവല്‍ നഗര്‍, കര്ദന് പുരി, ഗോകുല്‍പുരി എന്നിവിടങ്ങളില്‍ ഉന്തുവണ്ടികളും നല്‍കിയിരുന്നു. തുടര്‍ന്ന്, വംശീയാതിക്രമത്തില്‍ വിധവകളായവര്‍ക്ക് ഉപജീവനമാര്‍ഗങ്ങളും വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളും കണ്ടെത്താന്‍ 2020 സെപ്റ്റംബറില്‍ സി.പി.എം രണ്ടാംഘട്ട സര്‍വേ നടത്തി. അതേ തുടര്‍ന്ന് 13 വിധവകള്‍ക്ക് തയ്യല്‍ മെഷീനുകളും 28 കുടുംബങ്ങളിലെ 53 കുട്ടികള്‍ക്ക് മാസം 500 രൂപ തോതില്‍ സ്കോളര്‍ഷിപ്പും നല്കി. മുസ്തഫാബാദില് സ്കോളര്‍ഷിപ്പുകളുടെയും തയ്യല്‍ മെഷീനുകളുടെയും വിതരണോദ്ഘാടനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടാണ് നിര്‍വഹിച്ചത്.
ഭവന നിര്‍മാണത്തില്‍നിന്ന് പിന്മാറിയപ്പോള് യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും തൊഴില്‍ പരിശീലന പദ്ധതി തുടങ്ങാനാണ് ലക്ഷ്യമിട്ടതെന്ന് ആശ ശര്‍മ പറയുന്നു. നിര്‍ദിഷ്ട പദ്ധതിക്ക് എത്ര തുക ചെലവാകുമെന്ന് കണക്കാക്കിയിട്ടില്ലെന്നും തങ്ങളുടെ കൈവശമുള്ള തുക വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ആശ ശര്‍മ പറഞ്ഞു.
എന്നാല്‍, വര്‍ഷം ഒന്നു കഴിഞ്ഞിട്ടും നിര്‍ദിഷ്ട പദ്ധതിക്കുള്ള സ്ഥലം പോലും സി.പി.എമ്മും പോഷക സംഘടനകളും ഇതുവരെയും കണ്ടെത്തിയിട്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സി.പി.എം, പോഷക സംഘടനകളായ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്, സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ, ഓള് ഇന്ത്യ ലോയേഴ്സ് യൂനിയന്‍ എന്നിവയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചിരുന്നത്