ഇടതു മുന്നണി ഭരിക്കുന്ന നീലംപേരൂര്‍ പ‍ഞ്ചായത്തില്‍ വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്നവര്‍ക്ക് വിതരണം ചെയ്യാന്‍ എത്തിച്ച ഭക്ഷ്യധാന്യങ്ങള്‍ തിരിമറി നടത്തിയെന്ന ആരോപണത്തില്‍ ബ്രാഞ്ച് സെക്രട്ടറിയെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെയും ബ്രാഞ്ച് സെക്രട്ടറിയുടെയും നേതൃത്വത്തിലാണ് തിരിമറി നടത്തിയെന്നാണ് ആരോപണം. നാട്ടുകാരുടെ പരാതിയില്‍ കൈനടി അന്വേഷണം തുടങ്ങി.

കാണാതായ ഭക്ഷ്യധാന്യങ്ങള്‍ നീലംപേരൂര്‍ ബ്രാഞ്ച് സെക്രട്ടറി കെ.പി.സുകുമാരന്റെ വീട്ടില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടിയെടുത്തത്. നീലംപേരൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡിലാണു സംഭവം.

വീടുകളില്‍ വെള്ളം കയറിയവര്‍ക്കുള്ള പൊതു ഭക്ഷണവിതരണ കേന്ദ്രത്തിലേക്ക് അതതു വാര്‍ഡിലെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലാണ് ഭക്ഷ്യധാന്യങ്ങള്‍ ശേഖരിച്ച്‌ എത്തിക്കുന്നത്. മൂന്നാം വാര്‍ഡില്‍ നിന്നുള്ള പഞ്ചായത്തംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പ്രിനോ ഉതുപ്പാന്റെ നേതൃത്വത്തിലാണ്വില്ലേജ് ഓഫിസില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ ശേഖരിച്ചത്. എന്നാല്‍ ഭക്ഷ്യധാന്യത്തില്‍ കുറവ് കണ്ടതിനെത്തുടര്‍ന്നു നാട്ടുകാര്‍ ചോദ്യം ചെയ്തു. ഇതോടെ പ്രിനോ ഉതുപ്പാന്‍ കുറ്റം സമ്മതിച്ചു. 3650 രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ വിറ്റതായി സമ്മതിച്ച അദ്ദേഹം തുക നാട്ടുകാരുടെ സാന്നിധ്യത്തില്‍ ഭക്ഷണവിതരണ കേന്ദ്രം കണ്‍വീനര്‍ക്കു കൈമാറി.

തുടര്‍ന്നാണ് കാണാതായ ഭക്ഷ്യവസ്തുക്കള്‍ കെ.പി.സുകുമാരന്റെ വീട്ടില്‍ സൂക്ഷിച്ചതായി കണ്ടെത്തിയത്. സുകുമാരനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി ഏരിയ സെക്രട്ടറി ജി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് (സ്കറിയ) വിഭാഗത്തിന്റെ പ്രതിനിധിയാണ് വൈസ് പ്രസിഡന്റ് പ്രിനോ ഉതുപ്പാന്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2