തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയുടെ കേരള നേതൃത്വത്തിനെതിരെ നിശിത വിമര്‍ശവുമായി ആര്‍എസ്‌എസ്. സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപരുമായ ആര്‍ ബാലശങ്കര്‍. ചെങ്ങന്നൂരില്‍ തനിക്ക് സീറ്റ് നിഷേധിച്ചത് സിപിഎമ്മുമായിട്ടുള്ള ഡീലിന്റെ ഭാഗമായിട്ടാണെന്ന് ബാലശങ്കര്‍ ആരോപിച്ചു. ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമ്മിന്റെ വിജയം ഉറപ്പാക്കുന്നതിന് പ്രത്യുപകാരം കോന്നിയില്‍ എന്നതായിരിക്കാം ഡീല്‍ എന്നും ബാലശങ്കര്‍ തുറന്നടിച്ചു.

ബിജെപി. സംസ്ഥാന നേതൃത്വത്തിന്റെ വികലമായ കാഴ്ചപ്പാടാണ് ഇതിന് കാരണമാണെന്നും ഈ നേതൃത്വവുമായാണ് മുന്നോട്ടു പോകുന്നതെങ്കില്‍ അടുത്ത 30 കൊല്ലത്തേക്ക് കേരളത്തില്‍ ബിജെപിക്ക് ഒരു വിജയ സാദ്ധ്യതയുമുണ്ടാവില്ലെന്നും ബാലശങ്കര്‍ കുറ്റപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബിജെപി നേതാക്കള്‍ക്ക് പരിശിലനം നല്‍കുന്ന വിഭാഗം ദേശീയ കോ കണ്‍വീനറും ബിജെപി. പബ്ലിക്കേഷന്‍ വിഭാഗം കോ കണ്‍വീനറുമാണ് ആര്‍ ബാലങ്കര്‍.

ചെങ്ങന്നൂരില്‍ എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ക്രിസ്ത്യന്‍ വിഭാഗവും ഒരു പോലെ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ചിരുന്നു. എന്തുകൊണ്ടും ബിജെപിക്ക് ഇക്കുറി ജയസാദ്ധ്യതയുള്ള മണ്ഡലമായിരുന്നു ചെങ്ങന്നൂര്‍. ഓര്‍ത്തഡോ്‌സ് സഭാ നേതൃത്വം മാത്രമല്ല എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയും തനിക്കനുകൂലമായി രംഗത്തുണ്ടായിരുന്നു. എല്ലാ പിന്തുണയും നല്‍കണമെന്ന് എസ്.എന്‍.ഡി.പിയുടെ പ്രാദേശിക ഘടകത്തോട് ആവശ്യപ്പെട്ടിരുന്നു. എന്‍.എസ്.എസും ഇതേ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. ബിജെപിയെ അനുകൂലിക്കുന്നില്ല പക്ഷേ, തന്റെ കാര്യത്തില്‍ സര്‍വ്വ പിന്തുണയുമുണ്ടാവും എന്നാണ് എന്‍.എസ്.എസ്. നേതൃത്വം അറിയിച്ചിരുന്നത്. മണ്ഡലത്തില്‍ തന്റെ ബന്ധുക്കളെ മാത്രം കണക്കിലെടുത്താല്‍ പതിനായിരം വോട്ടെങ്കിലും വരും. ചെങ്ങന്നൂരില്‍ ബിജെപിക്ക് സ്വന്തമായി മുപ്പതിനായിരത്തോളം വോട്ടുണ്ട്. ഇതിനു പുറമേയാണ് എസ്.എന്‍.ഡി.പി., എന്‍.എസ്.എസ്., ക്രിസ്ത്യന്‍ വിഭാഗങ്ങളിലൂടെ തനിക്ക് കിട്ടുമായിരുന്ന വോട്ടുകള്‍. വിജയ സാധ്യത മുന്നിലുണ്ടായിരുന്നിട്ടും തന്റെ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കുകയായിരുന്നുവെന്ന് ബാലശങ്കര്‍ പറയുന്നു.

സിപിഎമ്മും ബിജെപിയുമായിട്ടുള്ള ഒരു ഡീല്‍ ഇതിനു പിന്നിലുണ്ടാവാം എന്നാണ് കരുതുന്നത്. ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമ്മിന്റെ വിജയം ഉറപ്പാക്കുന്നതിന് പ്രത്യുപകാരം കോന്നിയില്‍ എന്നതായിരിക്കാം ഡീല്‍. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വക്താവ് പരസ്യമായി തനിക്ക് വേണ്ടി പ്രസ്താവനയിറക്കിയിരുന്നു. ചെങ്ങന്നൂരില്‍ വോട്ടു ചെയ്യണമെന്ന ആഹ്വാനമായിരുന്നു അത്. അടുത്ത കാലത്തൊന്നും ഒരു ക്രിസ്ത്യന്‍ വിഭാഗവും ഇത്തരമൊരു പരസ്യ നിലപാട് ഒരു ബിജെപി. സ്ഥാനാര്‍ത്ഥിക്കു വേണ്ടി എടുത്തിരുന്നില്ല.

ചെപ്പാടുള്ള സെന്റ് ജോര്‍ജ് ഓരത്തഡോക്‌സ് പള്ളി ദേശീയ പാത വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റുന്നത് തടഞ്ഞത് ബാലശങ്കറിന്റെ ഇടപെട്ടതു കൊണ്ടാണെന്നും ഈ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ ബിജെപി വിജയിപ്പിച്ചില്ലെങ്കില്‍ അത് നന്ദികേടായിരിക്കുമെന്നുമാണ് സഭാ വക്താവ് ഫാ. ജോണ്‍സ് എബ്രഹാം കോന്നാട്ട് തുറന്നു പറഞ്ഞിരുന്നത്. എന്നിട്ടും തന്നെ സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്ന് ബിജെപി. നേതൃത്വം തീരുമാനിച്ചത് വലിയ വിമര്‍ശനത്തിനാണ് ഇടയാക്കിയെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ബാലശങ്കര്‍ തുറന്നു പറഞ്ഞു.

കേരളത്തില്‍ ബിജെപിയുടെ 40 എ ക്ലാസ് മണ്ഡലങ്ങളില്‍ രണ്ടെണ്ണമാണ് ചെങ്ങന്നൂരും ആറന്മുളയും. ഈ രണ്ടു മണ്ഡലങ്ങളിലെ വിജയസാദ്ധ്യതയാണ് ഇപ്പോള്‍ കളഞ്ഞുകുളിച്ചിരിക്കുന്നത്. ഈ രണ്ടിടത്തും സിപിഎമ്മിന് വിജയം ഉറപ്പാക്കുന്നത് കോന്നിയിലെ വിജയം ലക്ഷ്യമിട്ടാണ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് വന്ന സ്ഥാനാര്‍ത്ഥി എന്തിനാണ് ഇപ്പോള്‍ കോന്നിയില്‍ മത്സരിക്കുന്നത്. അദ്ദേഹം വീണ്ടും മത്സരിക്കേണ്ട കാര്യമില്ലല്ലോയെന്നും ബാലശങ്കര്‍ ചോദിക്കുന്നു.

കെ സുരേന്ദ്രന്‍ കോന്നിക്ക് പുറമെ മഞ്ചേശ്വരത്തും മത്സരിക്കുന്നുണ്ട്. പ്രായോഗികമായി ഈ 15 ദിവസത്തിനുള്ളില്‍ രണ്ടിടത്തും പ്രചാരണം നടത്തുക പോലും വിഷമകരമാണ്. രണ്ടിടത്തും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും മൂന്നു ദിവസം യാത്രയ്ക്ക് മാത്രം വേണ്ടി വരും. ഹെലിക്കോപ്റ്ററെടുത്ത് പ്രചാരണം നടത്തുമെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്ര ചോദ്യം ചെയ്ത രാഷ്ട്രീയനേതാവാണ് രണ്ട് മണ്ഡലത്തില്‍ നില്‍ക്കാനായി ഹെലിക്കോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത്.

ശോഭ സുരേന്ദ്രന് പോലും സീറ്റ് കിട്ടാത്ത സാഹചര്യത്തിലും രണ്ട് സീറ്റില്‍ കെ സുരേന്ദ്രന്‍ മത്സരിക്കുന്നതിനെ രൂക്ഷമായ ഭാഷയിലാണ് ബാലശങ്കര്‍ വിമര്‍ശിച്ചത്. കോന്നിയിലും തിരുവനന്തപുരത്തുമാണ് കെ സുരേന്ദ്രന്‍ മത്സരിക്കുന്നതെങ്കില്‍ മനസ്സിലാക്കാം. മഞ്ചേശ്വരവും കോന്നിയും തമ്മിലുള്ള ഭൂമിശാസ്ത്രപരമായ വ്യത്യാസം കാണാതിരിക്കേണ്ട കാര്യമില്ല. പിന്നെ, അങ്ങിനെ ജനകീയനായ നേതാവാണെങ്കില്‍ മനസ്സിലാക്കാം. മത്സരിച്ച എല്ലാ സ്ഥലത്തും തോറ്റ സ്ഥാനാര്‍ത്ഥിയാണ്. നരേന്ദ്ര മോദിയൊന്നുമല്ലല്ലോ ഈ മത്സരിക്കുന്നത്.

ബിജെപിയെ നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന നേതൃത്വമാണിത്. ബിജെപി. ഒരു സീറ്റില്‍ പോലും വിജയിക്കരുതെന്ന നിര്‍ബ്ബന്ധബുദ്ധിയാണിതെന്നും ബാലശങ്കര്‍ തുറന്നു പറഞ്ഞു. രണ്ട് മണ്ഡലങ്ങളില്‍ പ്രായോഗികതയെക്കുറിച്ചും രാഷ്ട്രീയ പ്രത്യാഘാതത്തെക്കുറിച്ചുമാണ് താന്‍ തുറന്നുപറയുന്നതെന്നും ബാലശങ്കര്‍ വ്യക്തമാക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2