കൊച്ചി: തുടര്‍ ഭരണം ഉറപ്പാണെന്ന് ആശ്വസിക്കുമ്ബോഴും സി.പി.ഐക്ക് പത്തില്‍ താഴെ സീറ്റിലെ വിജയസാധ്യതയുള്ളൂവെന്ന രാഷ്​ട്രീയ നിരീക്ഷകരുടെ വിലയിരുത്തലില്‍ എല്‍.ഡി.എഫില്‍ ആശങ്ക. 25 സീറ്റില്‍ മത്സരിച്ചതില്‍ 17 വരെ ലഭിക്കാമെന്ന് സി.പി.ഐ വിലയിരുത്തിയിട്ടും പാര്‍ട്ടി അണികള്‍ക്കടക്കം ആത്മവിശ്വാസമില്ല.

മുന്നണിയില്‍ സി.പി.ഐ- കേരള കോണ്‍ഗ്രസ് (ജോസ്) പാര്‍ട്ടികള്‍ തമ്മിലെ ഏറ്റുമുട്ടലും കാലുവാരലും തെരഞ്ഞെടുപ്പ് വിജയത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് അവര്‍ കരുതുന്നു. അതുപോലെ കാനം രാജേന്ദ്രന്‍-കെ.ഇ. ഇസ്മയില്‍ ഗ്രൂപ് പോരും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രശ്നങ്ങളും തിരിച്ചടിയാകാം. വി.എസ്. സുനില്‍കുമാര്‍ ഒഴികെയുള്ള മന്ത്രിമാരുടെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മികച്ച അഭിപ്രായവുമില്ല.

തിരുവനന്തപുരത്തെ നെടുമങ്ങാട് സി.പി.ഐയുടെ ഉറച്ച സീറ്റായിരുന്നു. സിറ്റിങ് എം.എല്‍.എ സി. ദിവാകരനെ ഒഴിവാക്കി ജില്ല സെക്രട്ടറി ജി.ആര്‍. അനിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍. സി.പി.ഐ ചുവപ്പ് കോട്ടയാണ് ചിറയിന്‍കീഴ്. എന്നാല്‍, കോണ്‍ഗ്രസ് ഇത്തവണ യുവ സ്ഥാനാര്‍ഥിയെ ഇറക്കിയതോടെ അവിടെയും കാലിടറി.

കൊല്ലം ജില്ലയിലെ പുനലൂര്‍, ചടയമംഗലം തുടങ്ങിയ മണ്ഡലങ്ങളിലെ മത്സരവും ബലാബലത്തിലായി. ചടയമംഗലത്ത് ചിഞ്ചുറാണിയെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ ഉയര്‍ന്ന പ്രതിഷേധം പൂര്‍മായും കെട്ടടങ്ങിയിരുന്നില്ല. പുനലൂരിലെ മന്ത്രി രാജുവിെന്‍റ മോശമായ പ്രകടനം സുപാലിെന്‍റ വിജയത്തെ ബാധിക്കും. തൃശൂരാണ്​ സി.പി.ഐ മികച്ച നേട്ടം കൊയ്യേണ്ടിയിരുന്ന മറ്റൊരു ജില്ല. എന്നാല്‍, അവിടെ തിരിച്ചടി നേരിടുമെന്നാണ് വിലയിരുത്തല്‍.

കൈപ്പമംഗലം, തൃശൂര്‍, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളില്‍ ശക്തമായ പോരാട്ടമായിരുന്നു. ഇവിടങ്ങളില്‍ ഇപ്പോഴും സി.പി.ഐക്ക് വിജയം ഉറപ്പില്ല. ആലപ്പുഴയിലെ ചേര്‍ത്തലയും ഇടുക്കിയിലെ പീരുമേടും എറണാകുളത്തെ മൂവാറ്റുപുഴയും കടുത്ത വെല്ലുവിളി നേരിട്ടു. പീരുമേട്ടില്‍ സിറ്റിങ് എം.എല്‍.എ ബിജി മോള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചത് തിരിച്ചടിയാകും.

സി.പി.ഐക്കും കേരള കോണ്‍ഗ്രസ് ജോസ്​ വിഭാഗത്തിനും സീറ്റ് കുറയുന്നത് എല്‍.ഡി.എഫിന്‍റ തുടര്‍ ഭരണത്തെ തടയുമെന്നാണ് ആശങ്ക. എല്‍.ഡി.എഫിലെ രണ്ടാംകക്ഷിയാകാനുള്ള സി.പി.ഐ- ജോസ് വിഭാഗങ്ങളുടെ കിടമത്സരത്തില്‍ മുന്നണിയുടെ വിജയത്തിന് തിരിച്ചടിയായോയെന്നാണ്​ അറിയാനിരിക്കുന്നത്​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2