പാലായില്‍ വിചാരിച്ചത് പോലെ എളുപ്പമല്ല കാര്യങ്ങളെന്നാണ് സിപിഐ പറയുന്നത്. മാണി സി കാപ്പന് സീറ്റ് നിഷേധിച്ചതില്‍ മണ്ഡലത്തില്‍ അതൃപ്തിയുണ്ടെന്നും സിപിഐ പറയുന്നു. അതേസമയം സിപിഎം നേരത്തെ നടത്തിയ വിലയിരുത്തലില്‍ 15000 വോട്ടിന് ജോസ് കെ മാണി വിജയിക്കുമെന്നായിരുന്നു വിലയിരുത്തല്‍. നേരെ തിരിച്ചാണ് ഇപ്പോള്‍ ഇടതുമുന്നണിയിലെ തന്നെ മറ്റൊരു പ്രമുഖ ഘടകകക്ഷി തന്നെ പറയുന്നത്. കെഎം മാണിയുടെ കാലത്തേ തന്നെ മണ്ഡലത്തില്‍ സജീവമായ കാപ്പനോട് പാലായില്‍ ഉള്ളവര്‍ക്ക് പ്രത്യേക അടുപ്പമുണ്ട് എന്നും സിപിഐ വിലയിരുത്തുന്നു. ജോസുമായുള്ള ഭിന്നത ഇക്കാര്യത്തിലും പ്രകടമായിട്ടുണ്ടെന്നാണ് സൂചന.

പാലായിൽ ബിജെപി വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന് ലഭിച്ചുവെന്ന് കഴിഞ്ഞ ദിവസം ജോസ് കെ മാണി ആരോപണമുന്നയിച്ചിരുന്നു. കേരള കോൺഗ്രസ് നിയോഗിച്ച സ്വകാര്യ ഏജൻസി നടത്തിയ പഠനത്തിലും സിപിഐ ഉൾപ്പെടെയുള്ള ചില ഇടതുകക്ഷികൾ കേരള കോൺഗ്രസിനോട് സഹകരിച്ചില്ല എന്നും പാലായിലെ ക്രൈസ്തവ നായർ വോട്ടുകളിൽ ജോസ് കെ മാണി വിരുദ്ധത സജീവമായിരുന്നു എന്നും വാർത്തകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ നടന്ന കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി മീറ്റിംഗിൽ സിപിഐയ്ക്കെതിരേ രൂക്ഷ വിമർശനം ഉയർന്നത്. ഇപ്പോൾ ജോസ് കെ മാണി പാലായിൽ പരാജയപ്പെടുമെന്ന് സിപിഐ വിലയിരുത്തൽ കൂടിയാകുമ്പോൾ കാര്യങ്ങൾ കൂടുതൽ കലങ്ങി മറിയുകയാണ്.

തിരഞ്ഞെടുപ്പ് കാലത്ത് തന്നെ സീറ്റിനെ ചൊല്ലി ഇരു പാര്‍ട്ടികളും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. അത് തിരഞ്ഞെടുപ്പിന് ശേഷവും തുടരുന്നു എന്നാണ് വ്യക്തമാകുന്നത്. സിപിഐയുടെ ചില സീറ്റുകള്‍ ജോസ് പക്ഷത്തിന് നല്‍കിയതും തങ്ങള്‍ ആവശ്യപ്പെട്ടത് പകരം കിട്ടാതിരുന്നതുമാണ് സിപിഐ ചൊടിപ്പിച്ചത്. പാലായില്‍ അടക്കം സിപിഐ സഹകരിച്ചില്ലെന്നാണ് ജോസ് പക്ഷം പറയുന്നത്. പാലാ, റാന്നി, ഇരിക്കൂര്‍, കാഞ്ഞിരപ്പള്ളി, മണ്ഡലങ്ങളിലും സിപിഐ പ്രചാരണത്തിന് ഇറങ്ങിയില്ലെന്നും ജോസ് പക്ഷം പറയുന്നു. റാന്നിയില്‍ സമാന സാഹചര്യം ഉണ്ടായിരുന്നതായി സ്ഥാനാര്‍ത്ഥിയായ പ്രമോദ് നാരായണനും പറഞ്ഞു.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2