തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് എല്‍ഡിഎഫില്‍ രണ്ട് സീറ്റുകള്‍ സംബന്ധിച്ചായിരുന്നു പ്രധാനമായും തര്‍ക്കം നിലനിന്നിരുന്നത്. എന്‍സിപിയുടെ സീറ്റായ പാലായിലും സിപിഐ മത്സരിച്ചിരുന്ന കാഞ്ഞിരപ്പള്ളി സീറ്റിലും. ജോസ് കെ മാണി വിഭാഗത്തിന്റെ വരവോടെ ഈ രണ്ട് സീറ്റുകളും വിട്ടുകൊടുക്കേണ്ടി വരുമെന്ന കാര്യം ഏറെ കുറെ വ്യക്തമായിരുന്നു. പാലായെ ചൊല്ലി എൻസിപി മുന്നണിയിൽ ഉണ്ടാക്കുന്ന തർക്കങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. വിജയിച്ച സീറ്റ് വിട്ടു കൊടുക്കേണ്ട എന്ന നിലപാടിലാണ് മാണി സി കാപ്പൻ എംഎൽഎ. ദേശീയ അധ്യക്ഷൻ ശരത് പവാറും ഇക്കാര്യത്തിൽ മാണി സി കാപ്പന് പിന്തുണയ്ക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

കാഞ്ഞിരപ്പള്ളിയിൽ സമവായത്തിന്  സിപിഐ സന്നദ്ധം എന്ന് സൂചന:

കഴിഞ്ഞ ദിവസം സിപിഐ ജില്ലാ നേതൃ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിനെ കുറിച്ചായിരുന്നു അവലോകനം നടന്നതെങ്കിലും അനൗദ്യോഗികമായി കാഞ്ഞിരപ്പള്ളി സീറ്റ് സംബന്ധിച്ച ചര്‍ച്ചകളും നേതാക്കള്‍ നടത്തി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു ജില്ലാ നേതൃയോഗം നടന്നത്.

കാഞ്ഞിരപ്പള്ളി സീറ്റ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് വിട്ടുകൊടുക്കാൻ സിപിഐ സന്നദ്ധമാണ്. എന്നാൽ കേരള കോൺഗ്രസ് അവകാശവാദമുന്നയിക്കുന്ന കോട്ടയം ജില്ലയിലെ തന്നെ ചങ്ങനാശ്ശേരി സീറ്റ് ആണ് സിപിഐ പകരം ആവശ്യപ്പെടുന്നത്. ഇതിന് ഇടതുമുന്നണിയിൽ ധാരണയാൽ കാഞ്ഞിരപ്പള്ളിയിൽ സിപിഐ വിട്ടുവീഴ്ച ചെയ്യും.  മണ്ഡലം ലഭിച്ചാല്‍ ജില്ലാ സെക്രട്ടറി സികെ ശശിധരനോ, ചങ്ങനാശ്ശേരി മണ്ഡലം സെക്രട്ടറി അഡ്വ കെ. മാധവന്‍പിള്ളയോ ആകും ഇവിടെ സ്ഥാനാര്‍ത്ഥികളായേക്കുക.

ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയില്‍ എത്തിയതോടെ മണ്ഡലത്തിലെ യുഡിഎഫ് അനുകൂല രാഷ്ട്രീയ അന്തരീക്ഷം മാറിയെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. കേരള കോണ്‍ഗ്രസ് വിഭാഗം നേതാവായിരുന്ന അന്തരിച്ച സിഎഫ് തോമസ് ആയിരുന്നു മണ്ഡലത്തിലെ എംഎല്‍എ. കേരള കോണ്‍ഗ്രസ് പിളര്‍പ്പോടെ സിഎഫ് തോമസ് ജോസഫ് പക്ഷത്തായിരുന്നു. എന്നാൽ ജോസ് കെ മാണിയുടെ വിശ്വസ്തരായ രണ്ടു യുവനേതാക്കൾ ചങ്ങനാശ്ശേരി സീറ്റ് ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോബ് മൈക്കിളും, പ്രമോദ് നാരായണനും ചങ്ങനാശ്ശേരിയിൽ സ്ഥാനാർഥിത്വം ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ സിപിഐ മുന്നോട്ടുവെക്കുന്ന സമവായ നിർദേശം കേരളകോൺഗ്രസിൽ കൂടുതൽ ആശങ്ക സൃഷ്ടിക്കുമെന്നും രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2