തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ പ്രവേശിപ്പിക്കുന്നതിന് നിര്‍ണായക നീക്കവുമായി എല്‍ഡിഎഫ്. ജോസ് കെ. മാണി പക്ഷത്തെ ഒപ്പം കൂട്ടാന്‍ സി.പി.എം- സി.പി.ഐ ഉഭകക്ഷി ചര്‍ച്ച എ.കെ.ജി സെന്ററില്‍ നടന്നു. ആദ്യമായാണ് ഈ വിഷയത്തില്‍ സി.പി.ഐ ചര്‍ച്ചയ്ക്ക് തയാറായത്. ചര്‍ച്ചയ്ക്കുളള നിര്‍ദേശം മുന്നോട്ടു വച്ചത് സി.പി.എം ആണ്. തദേശ തിരഞ്ഞെടുപ്പില്‍ ജോസ് പക്ഷവുമായി ധാരണയ്ക്ക് സി.പി.ഐയ്ക്ക് വിയോജിപ്പില്ല.
രാഷ്ട്രീയനിലപാടെടുത്തതിന്റെ പേരില്‍ ജോസ് കെ.മാണി വഴിയാധാരമാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചിരുന്നു. ജോസിനോട് നിഷേധാത്മക നിലപാടില്ല. ജോസുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. ആവശ്യമെങ്കില്‍ ചര്‍ച്ച നടത്തുമെന്നും കോടിയേരി പറഞ്ഞു .
യുഡിഎഫിന് പുറത്ത് വരാതെ സ്വാഗതം ചെയ്യാനാകില്ലെന്ന് കാനം രാജേന്ദ്രന് ചര്‍ച്ചയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, കാനം രാജേന്ദ്രന്, മന്ത്രി ഇ ചന്ദ്രശേഖരന്, എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകളും തദ്ദേശ തെരഞ്ഞെടുപ്പും ചർച്ചയായതായി സൂചനയുണ്ട്. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പല ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും സിപിഐ ഇക്കാര്യത്തിൽ എതിർപ്പ് അറിയിച്ചിരുന്നു.