വാഷിംഗ്ടണ്‍: നിരവധി രാജ്യങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിനെതിരെ വിമര്‍ശനവുമായി ലോകാരോഗ്യ സംഘടന രംഗത്ത്. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിക്കുകയാണെന്നും വീണ്ടുമൊരു പ്രതിസന്ധിയിലേക്കാണ് ലോകം നീങ്ങുന്നതെന്നും ലോകാരോഗ്യ സംഘടന വക്താവ് മൈക്ക് റയാന്‍ പറഞ്ഞു. ‘ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് പേര്‍ക്കാണ് രോഗം ബാധിക്കുന്നത്. ഒരാഴ്ചത്തെ കണക്ക് പരിശോധിക്കുമ്പോഴാണ് ഈ വിവരം ലഭിച്ചത്. യൂറോപ്പിലും സമാന അവസ്ഥയാണ്.

അരലക്ഷത്തിലധികം പേര്‍ക്കാണ് ഒരാഴ്ചയ്ക്കുള്ളില്‍ രോഗം ബാധിച്ചത്. ഇതിന് അര്‍ത്ഥം കൊവിഡ് വ്യാപനം പൂര്‍ണ്ണമായി അവസാനിച്ചിട്ടില്ല എന്നാണ്,’ മൈക്ക് റയാന്‍ പറഞ്ഞു. ഓരോ മൂന്നാഴ്ച കൂടുമ്ബോഴും രോഗവ്യാപനം കൂടിക്കൊണ്ടിരിക്കുകയാണ്. രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായതെന്നും ലോകാരോഗ്യ സംഘടന വക്താക്കള്‍ അറിയിച്ചു. ജൂലൈ 19 മുതല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം. കൊറോണ വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കണമെന്നാണ് ബോറിസ് ജോണ്‍സണ്‍ നല്‍കിയ പുതിയ നിര്‍ദ്ദേശം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ജൂണ്‍ 21 ന് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനായിരുന്നു ബോറിസ് ജോണ്‍സണ്‍ ആദ്യ ഘട്ടത്തില്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഡെല്‍റ്റാ വകഭേദം വര്‍ധിച്ചു വന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതില്‍ നിന്നും പിന്മാറുകയായിരുന്നു. ബ്രിട്ടണില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളിലധികവും ഡെല്‍റ്റാ വകഭേദത്തില്‍ ഉള്‍പ്പെട്ടവയാണ്. എന്നാല്‍ വാക്സിനേഷന്‍ പ്രക്രിയ കാര്യക്ഷമമായി നടക്കുന്ന രാജ്യത്ത് നിയന്ത്രണങ്ങള്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം. നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റിക്കഴിഞ്ഞാല്‍ കൊവിഡ് കേസുകള്‍ ഇനിയും ഉയരും. എന്നാലും വാക്സിനേഷന്‍ പുരോഗമിക്കുന്നതിനാല്‍ കൊവിഡ് മരണ നിരക്കില്‍ കാര്യമായ കുറവുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചത്.

അതിനിടെ ഫ്രാന്‍സില്‍ കൊവിഡ് നാലാം തരംഗം ജൂലൈ അവസാനത്തോടെ ഉണ്ടാകുമെന്ന് രാജ്യത്തെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഡെല്‍റ്റ വേരിയന്റിന്റെ സാന്നിദ്ധ്യം രാജ്യത്ത് വര്‍ധിക്കുന്നതിന്റെ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. രാജ്യത്ത് വാക്സിനേഷന്‍ പ്രക്രിയയും മന്ദഗതിയിലാണ് നടക്കുന്നത്. എല്ലാവരിലേക്കും വാക്സിന്‍ എത്താത്തതും രോഗവ്യാപനം കൂടുതല്‍ രൂക്ഷമാക്കുമെന്നും ഫ്രഞ്ച് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മൊത്തം ജനസംഖ്യയുടെ 36ശതമാനം പേര്‍ക്ക് മാത്രമെ രണ്ട് ഡോസ് വാക്സിനും ലഭിച്ചിട്ടുള്ളു. ബാക്കിയുള്ളവര്‍ക്കും എത്രയും പെട്ടെന്ന് തന്നെ വാക്സിന്‍ നല്‍കാനുള്ള പ്രവര്‍ത്തനം തുടങ്ങുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. നേരത്തെ രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഫ്രാന്‍സില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക