തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ കൊവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുറച്ചു കൂടി ശ്രദ്ധിക്കണമായിരുന്നുവെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. ആളുകളെ നിയന്ത്രിക്കാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ പ്രവര്‍ത്തകരുടെ ആവേശത്തില്‍ അത് സാധിച്ചില്ല.

കൊവിഡ് മാനദണ്ഡം ലംഘിച്ചാല്‍ കേസെടുക്കുന്നതില്‍ എതിരല്ല. പക്ഷേ ഏകപക്ഷീയമായി കേസെടുക്കരുതെന്നും വി ഡി സതീശന്‍ കോഴിക്കോട് പറഞ്ഞു. പക്ഷേ, എല്ലായിടത്തും ഒരുപോലെ വേണം. പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ സമയത്ത് പോയപ്പോള്‍ കോവിഡ് മാനദണ്ഡം പാലിച്ചിരുന്നോ? പി.കെ. കുഞ്ഞനന്തന്‍റെ ശവസംസ്‌കാര ചടങ്ങില്‍ മൂവായിരത്തോളം ആളുകള്‍ പങ്കെടുത്തു. എന്നിട്ട് കേസെടുത്തോ? -അദ്ദേഹം ചോദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

രമേശ് ചെന്നിത്തലയുടെ വൈകാരിക പ്രതികരണത്തിലും പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞു. ചെന്നിത്തലയുടെ പ്രതികരണം സാധാരണ കാര്യമാണ്. വിശ്വസിച്ചവരെല്ലാം പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം ഉണ്ടാവണമെന്നില്ല. കൂടുതല്‍ കാര്യങ്ങള്‍ ചെന്നിത്തലയോട് തന്നെ ചോദിക്കണമെന്നും വി ഡി സതീശന്‍. ചിരിക്കുന്നവരെല്ലാം സ്‌നേഹിതരാണെന്നും പുകഴ്ത്തുന്നവര്‍ എപ്പോഴും കൂടെയുണ്ടാകുമെന്നും വിചാരിക്കരുതെന്നുമായിരുന്നു കെപിസിസി പ്രസിഡന്റായി സ്ഥാനമേറ്റ കെ സുധാകരന് രമേശ് ചെന്നിത്തല നല്‍കിയ മുന്നറിയിപ്പ്.