സ്വന്തം ലേഖകൻ

കോട്ടയം: കൊവിഡ് ലോക്ക് ഡൗണിനെ തുടർന്നു തകർന്നടിഞ്ഞ പന്തൽ ഹയറിംങ് വ്യവസായ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഹയർഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ സാധനങ്ങൾ ശവപ്പെട്ടിയിൽ വച്ച് പ്രതിഷേധിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പന്തൽ, അലങ്കാരം , ലൈറ്റ് ആന്റ് സൗണ്ട് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് അസോസിയേഷൻ നേതൃത്വത്തിൽ മൈക്കും പാത്രങ്ങളും അടക്കമുള്ളവ ശവപ്പെട്ടിയിൽ വച്ച് പ്രതിഷേധിച്ചത്. ഗാന്ധിസ്‌ക്വയറിൽ ധർണ മുൻ എം.എൽ.എ പി.സി ജോർജ് ഉദ്ഘാടനം ചെയ്തു. പന്തൽ ഹയറിങ് വ്യവസായ മേഖലയുടെ പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് പി സി ജോർജ് ആവശ്യപ്പെട്ടു. ഈ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നവരെല്ലാം സാധാരണക്കാരാണ്. രാഷ്ട്രീയക്കാരും പൊതു പ്രവർത്തകരും സാധാരണക്കാരും അടക്കമുള്ളവർ ഇവരെ ഉപയോഗിക്കുന്നതാണ്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നേതാക്കളും ഇവർക്ക് വാടക ഇനത്തിലടക്കം പണം നൽകാനുണ്ട്. ഇത് കൂടി നൽകാനും, ഇവർക്ക് ഒരു പ്രതിസന്ധി വരുമ്പോൾ ഇടപെടാനും രാഷ്ട്രീയക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് 500 കേന്ദ്രങ്ങളിൽ രാവിലെ 11 മുതൽ 12 വരെയാണ് ധർണ നടത്തിയത്. ഗാന്ധി സ്ക്വയറിൽ കുമാരനല്ലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണയിൽ മേഖലാ പ്രസിഡന്റ് സുവർണ റെജി, സെക്രട്ടറി പ്രിൻസ് മെറിസ്റ്റം, അരുൺ ഫിലിപ്പ് , മധു മധുരിമ, രാജേഷ് ദേവീശ്രീ, ദിനേശൻ എന്നിവർ പ്രസംഗിച്ചു.

വാക്‌സിൻ സ്വീകരിച്ചവരെ പങ്കെടുപ്പിച്ച് പൊതുപരിപാടികൾ അനുവദിക്കുക, പന്തൽ, അലങ്കാരം, ലൈറ്റ് ആന്റ് സൗണ്ട് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, പത്ത് ലക്ഷം രൂപ പലിശ രഹിത വായ്പ അനുവദിക്കുക, പന്തൽ മേഖലയെ അവശ്യ സർവീസായി പ്രഖ്യാപിക്കുക, വാഹനങ്ങൾക്ക് നികുതിയിളവും മോറട്ടോറിയവും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയതെന്നു ഭാരവാഹികൾ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക