കോട്ടയം: കൊവിഡ് പ്രതിരോധത്തിന് മുന്നിട്ടിറങ്ങി ഒടുവില്‍ അതേ രോഗത്തിന് കീഴടങ്ങേണ്ടി വന്ന ബിനോയ് കുര്യൻ സർക്കാർ ലിസ്റ്റിൽ നിന്നും പുറത്ത്.

കൊവിഡിനെ തുടര്‍ന്നുണ്ടായ കടുത്ത ന്യുമോണിയ ബാധിച്ചാണ് കോട്ടയം കാണക്കാരി പഞ്ചായത്തംഗം ബിനോയ് കുര്യന്‍ മരിച്ചത്. പക്ഷേ സര്‍ക്കാരിന്‍റെ കണക്കില്‍ ബിനോയിയുടേത് ഹൃദയസ്തംഭനം മൂലമുള്ള മരണമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കൊവിഡ് മരണമാണെന്ന തിരുത്തലാവശ്യപ്പെട്ട് ഭാര്യ ഷീന സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും നിരാശയായിരുന്നു ഫലം. പ്രായമായ അച്ഛനും അമ്മയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രമായ ബിനോയ് മരിച്ചതോടെ പ്രാരാബ്ദം മുഴുവന്‍ ഷീനയുടെ ചുമലിലായി.

മെയ് 2 -നാണ് ബിനോയിക്ക് കൊവിഡ് പൊസീറ്റിവായത്. മെയ് നാലിന് അച്ഛനും അമ്മയ്ക്കും രണ്ട് കുട്ടികള്‍ക്കും പൊസിറ്റീവായി. മെയ് പത്തിന് ബിനോയ് നെഗറ്റീവായെങ്കിലും ശക്തമായ ന്യുമോണിയ കാരണം ആശുപത്രിയില്‍ തുടര്‍ന്നു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് തുടര്‍ന്ന് മാറ്റി. വൈറ്റ് ഫംഗസ് ബാധിച്ചതോടെ ശരീരം പൂര്‍ണ്ണമായും തളര്‍ന്നു. ഇത്രയേറെ അനുഭവിച്ചെങ്കിലും ദൈവം ബിനോയിയോട് കരുണകാട്ടിയില്ല. മെയ് 27 ന് ബിനോയ് മരിച്ചു. കൊവിഡ് നെഗറ്റീവായ ശേഷവും ചികിത്സയില്‍ തുടര്‍ന്ന് മരണപ്പെട്ട ബിനോയ് കുര്യന്‍്റെ മരണകാരണമായി മരണസര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഹൃദയസ്തംഭനമെന്നാണ്.

കോട്ടയത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മുന്നണിപ്പോരാളിയായിരുന്നു ബിനോയ്. അതേ അസുഖം വന്ന് ബിനോയ് മരിച്ചതോടെ ഈ അഞ്ച് അംഗ കുടുംബം തന്നെ അനാഥമായി. ബിനോയിയുടെ മരണ സര്‍ട്ടിഫിക്കറ്റില്‍ തിരുത്തലാവശ്യപ്പെട്ട് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയ ആരോഗ്യപ്രവര്‍ത്തകയായ ഭാര്യയെ അധികൃതരും കൈയ്യൊഴിഞ്ഞു.

എട്ട് ലക്ഷം രൂപയോളം ബിനോയിയുടെ ചികിത്സയ്ക്കായി ചിലവഴിക്കേണ്ടി വന്നു. കുടുംബത്തിന്‍്റെ അടിത്തറയും അതോടെ ഇളകി. കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് ഈ കുടുംബത്തിന് വലിയ പ്രതീക്ഷയാണ് പക്ഷേ ബിനോയിയുടെ മരണസര്‍ട്ടിഫിക്കറ്റ് തിരുത്തപ്പെടാത്ത കാലത്തോളം അയാളുടെ മരണം സര്‍ക്കാരിന്‍്റെ കൊവിഡ് പട്ടികയില്‍ വരില്ല.