ബംഗളൂരു: കള‌ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി പിന്നെയും നീട്ടി. ബിനീഷിന്റെ അഭിഭാഷകന് അസുഖമായതിനാല്‍ ഹാജരാകാന്‍ കഴിയാത്തതുകൊണ്ടാണ് പത്ത് ദിവസത്തേക്ക് കേസ് കര്‍ണാടക ഹൈക്കോടതി നീട്ടിവെച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇനി ജൂണ്‍ 25നാകും കേസ് കോടതി പരിഗണിക്കുക. മുമ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേ‌റ്റിന് (ഇ.ഡി) വേണ്ടി ഹാജരായിരുന്ന അഡീഷണല്‍ സോളിസി‌റ്റര്‍ ജനറലിന് കൊവിഡ് ബാധിച്ചതിനാല്‍ രണ്ട് തവണ ഇ.ഡി ആവശ്യപ്പെട്ട് കേസ് നീട്ടിവച്ചിരുന്നു. ജൂണ്‍ രണ്ടിന് കേസ് ജൂണ്‍ 14ലേക്ക് മാറ്റണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി ജൂണ്‍ ഒന്‍പതിലേക്കാണ് നീട്ടിയത്. എന്നാല്‍ അന്നും ഇ.ഡിയുടെ അഭിഭാഷകന് ഹാജരാകാന്‍ കഴിയാത്തതിനാലാണ് ഇന്നത്തേക്ക് മാ‌റ്റിയത്.

മുമ്പ് ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം വ്യക്തമാക്കാന്‍ കോടതി ആവശ്യമുന്നയിച്ചിരുന്നു. ഇതില്‍ ഇ.ഡിയുടെ അഭിഭാഷകന്റെ മറുപടി വാദം ഇനി നടക്കാനുണ്ട്. ക്യാന്‍സര്‍ രോഗബാധിതനായ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാന്‍ തനിക്ക് ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കണമെന്നായിരുന്നു ബിനീഷ് കോടതിയില്‍ അഭ്യര്‍ത്ഥിച്ചത്.

ബംഗളൂരു മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കള‌ളപ്പണ കേസിലാണ് ഒക്‌ടോബ‌ര്‍ 29ന് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്‌റ്റ് ചെയ്‌തത്.അന്നുമുതല്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ബിനീഷിന് എട്ട് മാസത്തോളമായി ജാമ്യം ലഭിച്ചിട്ടില്ല.