കോട്ടയം :ഇടതുപക്ഷ ഗവണ്മെന്റിന്റെ കൺസൾട്ടൻസികൾ വഴിയുള്ള നിയമനങ്ങൾ സിബി ഐ അന്വേഷിക്കണമെന്നു തിരുവഞ്ചൂർ രാധകൃഷ്ണൻ. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് സർക്കാരിനെതിരെ രൂക്ഷമായ ആക്രമണം അദ്ദേഹം നടത്തിയത്. സർക്കാരിന്റെ  അഴിമതി കഥകളുടെ ഒടുവിലത്തെ ഉദാഹരണമാണ് പ്രതാപ് മോഹൻ നായരുടെ വഴിവിട്ട നടപടികളിലൂടെയുള്ള നിയമനം. നിലവിൽ ഇദ്ദേഹം പിഡബ്ല്യുസി കൺസൾട്ടന്റിന്റെ അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിക്കുന്നു. 2018-19 ൽ ഇദ്ദേഹം കേരള സർക്കാർ സ്ഥാപനമായ കേരള അക്കാഡമി ഫോർ സ്‌കിൽ എക്സലൻസ്   ന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആയിരുന്നു. 2018 ൽ ഇദ്ദേഹത്തെ കൊല്ലത്തെ   കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്റെ  എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു.എ ഡി ബി  യിലെ കൺസൾട്ടൻറ് ആയിരുന്ന പ്രതാപ് മോഹൻ നായരെ ഒരു സുപ്രഭാതത്തിൽ സംസ്ഥാന സർക്കാരിന്റെ രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉന്നത പദവിൽ സി.പി.എം നോമിനിയായി നിയമിച്ചിട്ടുള്ളത് നിയമപരമായ നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെയാണ്. സി.പി.എമ്മിന്റെ പരിരക്ഷയിലും വാത്സല്യത്തിലും ചീഫ് ഓപ്പറേറ്റിങ് ഓഫിസറായിരുന്ന പ്രതാപ് മോഹനൻ ഇപ്പോൾ   പി ഡബ്ല്യൂ സി കൺസൾട്ടന്റിന്റെ അസോസിയേറ്റ് ഡയറക്ടറായി ‘ബാക്ക് ഡോർ’ ഓഫീസിൽ ഏകദേശം  ഒരു വർഷമായി പ്രവർത്തിച്ചു വരുന്നു. ഈ കാലയളവിലാണ് സംസ്ഥാന ഗവണ്മെന്റും   പി ഡബ്ല്യൂ സി യുമായുള്ള കൺസൾട്ടൻസി കരാറുകൾ എല്ലാം ഒപ്പുവച്ചിട്ടുള്ളത്. ഈ ഇടപാടിൽ സംസ്ഥാന സർക്കാരിന്റെ എത്ര കോടി രൂപയുടെ പദ്ധതികളാണ് പി ഡബ്ല്യൂ സി യെ ഏല്പിച്ചിട്ടുള്ളത് എന്ന് ഇനിയെങ്കിലും വ്യക്തമാക്കണം. പ്രതിപക്ഷ നേതാവ് ശക്തമായി പ്രതിഷേധിച്ചത് കൊണ്ടാണ് സെക്രട്ടറിയേറ്റിൽ   പി ഡബ്ല്യൂ സി ക്ക് ഓഫീസ് സൗകര്യം നൽകാനായി നടത്തിയ നീക്കം പൊളിഞ്ഞു പോയത്. മുൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയുടെ നിർദ്ദേശമനുസരിച്ച് സെക്രട്ടറിയേറ്റിൽ വിപുലമായ മാറ്റം ഉണ്ടാക്കുന്നതിനും,  ഗവണ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ മേൽ പിടിമുറുക്കുന്നതിനുമുള്ള അവസരം  പി ഡബ്ല്യൂ സി  വഴി പ്രതാപ് മോഹൻ നായരുടെ കൈയിൽ എത്തുമായിരുന്നു. പാർട്ടിയുടെ ആശ്രിത വലയത്തിലുള്ളവർക്ക് കേരളത്തിലെ സിവിൽ സർവ്വീസിനെ കീഴടക്കുവാനുള്ള ഗൂഢതന്ത്രമായിരുന്നു ഇത്. വിവാദമുണ്ടായതിനെ തുടർന്ന് പ്രതാപ് മോഹൻ നായർ തന്റെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ദുരൂഹ സാഹചര്യത്തിൽ ഒറ്റരാത്രി കൊണ്ട് പിൻവലിച്ചു.  ഈ കൺസൾട്ടൻസികളുടെ  ഇടപാടുകളിൽ വെളിച്ചം വീശാൻ സിബിഐ അന്വേഷണം കൂടിയേ മതിയാകൂ. ഈ കൺസൾട്ടൻസികളെ മുൻനിർത്തി നടത്തുന്ന കള്ളക്കളികൾ അവസാനിപ്പിക്കണം. ഒന്നും ഒളിക്കാൻ ഇല്ലെങ്കിൽ, സർക്കാരിന്റെ പ്രവർത്തനം സുതാര്യമാണെങ്കിൽ സർക്കാർ നിയമിച്ച കൺസൾട്ടൻസികളെ സംബന്ധിച്ച് ഫലപ്രദമായ ഒരന്വേഷണത്തിനു എന്തുകൊണ്ട് തയ്യാറാകുന്നില്ല…. എന്നിങ്ങനെ ഒരുപാട് ആരോപണങ്ങൾ അദ്ദേഹം തൻറെ ഫേസ്ബുക്ക് കുറിപ്പിൽ ഉന്നയിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2