കുതിരാന്‍ തുരങ്കത്തിന്‍റെ ഉദ്ഘാടനത്തിന്‍റെ പേരില്‍ രാഷ്ട്രീയ വിവാദം ഉടലെടുക്കുന്നു. തുരങ്കം തുറക്കുന്ന കാര്യം ഇന്നലെ വൈകിട്ടോടെ മാത്രമാണ് സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലം മുതല്‍ മാത്രമാണ് പദ്ധതിക്ക് വേഗം വെച്ചതെന്നാണ് ഇടത് മുന്നണിയുടെ അവകാശവാദം.

ഇന്നലെ വൈകിട്ടോടെ കുതിരാന്‍ തുരങ്കം തുറക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. സര്‍ക്കാരിന് ഒരു ഔദ്യോഗിക അറിയിപ്പും അഞ്ചര വരെ ലഭിച്ചതുമില്ല. തുരങ്കം തുറക്കുന്ന കാര്യത്തില്‍ നേരത്തെ അറിയിപ്പ് നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നെങ്കിലും അതും നടപ്പായില്ല. കേന്ദ്രത്തിന്‍റെ നടപടിയില്‍ സര്‍ക്കാരിന് അതൃപ്തിയുണ്ടെങ്കിലും പരസ്യ പോരിന് ഇപ്പോള്‍ പോകേണ്ടതില്ലെന്നാണ് നിലപാട്. അതേ സമയം പദ്ധതി പൂര്‍ത്തികരിക്കാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ എണ്ണിപ്പറയുകയും ചെയ്യുന്നുണ്ട്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ ഒരു ദിവസം പറയണമെന്ന് മുഖ്യമന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്ന് റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു. കേന്ദ്ര നടപടിയിലുള്ള അതൃപ്തി പ്രകടമാക്കാതെയായിരുന്നു പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രതികരണം. അടുത്ത ഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാകും. ഒറ്റ തുരങ്കം തുറന്നതിന്റെ പേരില്‍ ടോള്‍ പിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത വികസനം രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പ്രധാന അജണ്ടയായതുകൊണ്ട് കുതിരാന്‍റെ പേരില്‍ കേന്ദ്രവുമായി പരസ്യ ഏറ്റുമുട്ടലിന് സര്‍ക്കാര്‍ നിന്നേക്കില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക