കോഴിക്കോട്: കാലടി സര്‍വകലാശാലയിലെ മലയാളവിഭാഗത്തില്‍ അസിസ്‌റ്റന്റ് പ്രൊഫസറായി നിയമിതയായ എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് സൂചിപ്പിച്ച്‌ കാലിക്കറ്റ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ ഉമര്‍ തറമേല്‍. നിനിത നിയമിക്കപ്പെട്ട തസ്‌തികയിലേക്കുളള അഭിമുഖത്തില്‍ ഭാഷാവിദഗ്ദ്ധനെന്ന നിലയില്‍ വിദഗ്ദ്ധസമിതി അംഗമായി പങ്കെടുത്തയാളായിരുന്നു ഡോ ഉമര്‍ തറമേല്‍. കോഴിക്കോട് സര്‍വകലാശാലയിലെ മലയാള- കേരളപഠനവകുപ്പില്‍ പ്രൊഫസറാണ് അദ്ദേഹം.

ഭാഷാ വിദ‌ഗ്ദ്ധനായി ഇരിക്കാന്‍ ഇനി ഇല്ലെന്നും സ്ഥാനത്ത് നിന്ന് ഒഴിവാകുന്നതായും വ്യക്തമാക്കി കൊണ്ട് ഫേസ്‌ബുക്കില്‍ കുറിച്ച്‌ കുറിപ്പില്‍ ഉമ്മര്‍ തറമേല്‍ വ്യക്തമാക്കുന്നു. സര്‍വകലാശാല നിയമനത്തിനുളള റാങ്ക് ലിസ്റ്റ് അട്ടിമറിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടര്‍ന്നാണ് വിദ​ഗ്ദ്ധ സമിതി അം​ഗത്വത്തില്‍ നിന്ന് ഉമര്‍ ഒഴിവാകുന്നത്.

സര്‍വകലാശാലകളില്‍ ഉദ്യോ​ഗാര്‍ത്ഥികളുടെ മികവ് നോക്കി വി​ദ​ഗ്ദ്ധര്‍ നല്‍കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വേണം നിയമനം നടത്താന്‍ എന്നാണ് യു ജി സി ചട്ടം. എന്നാല്‍ റാങ്ക് ലിസ്റ്റ് തന്നെ ശീര്‍ഷാസനം ചെയ്‌തുപോയ അവസ്ഥ കേരളത്തിലെ ഒരു സര്‍വകലാശാലയില്‍ നിന്ന് ഇതാദ്യമാണുണ്ടായത്. ഇതിനോടുളള കടുത്ത വിമര്‍ശനവും വിയോജിപ്പും താനും സഹ വിദഗ്ദ്ധരും സര്‍വകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തില്‍ ഇനിയും ഇപ്പണിക്ക് ഈയുളളവന്‍ ഇല്ലെന്ന് അറിയിക്കുന്നതായും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

‘സബ്ജെക്‌ട് എക്സ്‌പെര്‍ട്ട്’ പണി നിര്‍ത്തി.

ഈ പണിയുടെ, മലയാള പരിഭാഷ വിഷയവിദഗ്ദ്ധന്‍, എന്നാണ്. കോളേജുകളിലോ സര്‍വകലാശാലകളിലോ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട്, തത്‍വിഷയത്തില്‍ പ്രവീണ്യമുളളവരെ ഉള്‍പ്പെടുത്തി അഭിമുഖം നടത്തണമെന്നും, ഉദ്യോഗാര്‍ത്ഥികളുടെ മികവ് നോക്കി വിദഗ്ദ്ധര്‍ നല്‍കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വേണം നിയമനം നടത്തണമെന്നുമാണ്, സര്‍വകലാ /യു ജി സി ചട്ടങ്ങള്‍. സാങ്കേതികമായി എല്ലാ അഭിമുഖങ്ങളും ഇങ്ങനെത്തന്നെയാണ് അരങ്ങേറുക. അതേ സാധുവാകൂ.

അദ്ധ്യാപന ജീവിതത്തില്‍ ഏറെ കലാലയങ്ങളില്‍ ഇങ്ങനെ പോകേണ്ടി വന്നിട്ടുണ്ട്. പലയിടത്തും സമരം ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ സ്വപ്നത്തില്‍ പോലും നിനയ്ക്കാത്ത മട്ടില്‍,റാങ്ക് ലിസ്റ്റ് തന്നെ ശീര്‍ഷാസനം ചെയ്തുപോയ ഒരനുഭവം, കേരളത്തിലെ ഒരു സര്‍വകലാശാലയില്‍നിന്നും ഇതാദ്യമാണുണ്ടായത്. ഇതിനോടുളള കടുത്ത വിമര്‍ശനവും വിയോജിപ്പും ഞാനും സഹവിദഗ്ധരും സര്‍വകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ വെളിച്ചത്തില്‍ ഇനിയും ഇപ്പണിക്ക് ഈയുള്ളവന്‍ ഇല്ലെന്ന് കേരളത്തിലെ അക്കാഡമിക് സമൂഹത്തെ ഇതിനാല്‍ അറിയിച്ചുകൊളളുന്നു.

എന്ന് വിനീതവിധേയന്‍”

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2