കൊച്ചി: ഡോളര്‍ കടത്തില്‍ ആരോപണ വിധേയനായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ രക്ഷിക്കാന്‍ അദ്ദേഹത്തിന്റെ ഓഫീസ് കള്ളം പറഞ്ഞോ? സ്പീക്കറുടെ വിദേശയാത്രകളെ കുറിച്ച്‌ പരിശോധിക്കുമ്ബോള്‍ ഇതില്‍ വ്യത്യസ്ത കണക്കു ലഭിച്ചതാണ് വിവാദങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഇട നല്‍കുന്നത്. പി. ശ്രീരാമകൃഷ്ണന്റെ വിദേശയാത്രകള്‍ സംബന്ധിച്ചു വ്യത്യസ്ത കണക്കുകളുമായി സ്പീക്കറുടെ ഓഫിസും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും രംഗത്തെത്തി.

കൊച്ചി സ്വദേശി ധനരാജ് സുഭാഷിനു ലഭിച്ച വിവരാവകാശ രേഖകളിലാണ് ഇക്കാര്യമുള്ളത്.

സ്പീക്കറുടെ ഓഫീസുമായി ബന്ധപ്പെട്ട് വിവരാവകാശം നല്‍കിയപ്പോള്‍ അദ്ദേഹം ആകെ 11 യാത്രകളാണ് നടത്തിയത് എന്നാണ് ലഭ്യമായ വിവരം. അതേസമയം, പി.ശ്രീരാമകൃഷ്ണന്‍ 21 തവണ ദുബായില്‍ സന്ദര്‍ശനം നടത്തിയതായും ഇതെല്ലാം സ്വകാര്യ സന്ദര്‍ശനങ്ങളാണെന്നും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ നല്‍കിയ വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

കണക്കുകളിലെ ഈ വൈരുദ്ധ്യം വ്യക്തമായതോടെ ആരാണ് കള്ളം പറയുന്നത് എന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 9 തവണ സ്പീക്കര്‍ വിദേശയാത്ര ചെയ്തിട്ടുണ്ടെന്നാണ് വിവരാവകാശ രേഖ നേരത്തെ പുറത്തുവന്നിരുന്നു. ഔദ്യോഗിക ആവശ്യത്തിന് ഏഴ് തവണയും വ്യക്തിപരമായ ആവശ്യത്തിന് രണ്ട് തവണയും ആണ് സ്പീക്കര്‍ വിദേശത്തേക്ക് പോയത്. 5,10859 രൂപ വിദേശയാത്രക്കായി ചെലവഴിച്ചിട്ടുണ്ടെന്നും വിവരാവകാശ മറുപടിയില്‍ വ്യക്തമായിരുന്നു.

അതേസമയം ഡോളര്‍ കടത്തുമായി ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ സ്വപ്‌നയുമൊത്ത് വിദേശയാത്ര നടത്തിയെന്നും വിദേശത്തു വെച്ച്‌ കണ്ടെന്നുമുള്ള ആരോപണം ശ്രീരാമകൃഷ്ണനെതിരെ ഉയരുകയുണ്ടായി. എന്നാല്‍, ഈ ആരോപണം സ്പീക്കര്‍ തന്നെ നിഷേധിക്കുകയാണ് ഉണ്ടായത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഭരണഘടനാ സ്ഥാപനത്തെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്. തന്റെ വിദേശയാത്രകള്‍ നിയമപരമായ നടപടിക്രമങ്ങളെല്ലാം പാലിച്ചായിരുന്നു എന്നും സ്പീക്കര്‍ വ്യക്തമാക്കുയത്.

ചട്ടപ്രകാരമായ വിദേശയാത്രകള്‍ മാത്രമാണ് നടത്തിയത്. സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് ഒരുമിച്ച്‌ വിദേശ യാത്ര നടത്തിയിട്ടില്ല. വിദേശത്തു വെച്ച്‌ പ്രതികളെ കാണുന്ന സന്ദര്‍ഭം ഉണ്ടായിട്ടില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. സ്വര്‍ണക്കടത്തില്‍ സ്പീക്കറെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും അവിശ്വസനീയവുമാണെന്നും അദ്ദേഹം നിഷേധക്കുറിപ്പില്‍ വ്യക്തമാക്കുകയുണ്ടായി.വിദേശത്തുള്ള സംഘടനകളുടെ ക്ഷണം സ്വീകരിച്ച്‌ പലതവണ പോയിട്ടുണ്ട്. അതില്‍ ഒന്നും ഒളിച്ചുവെക്കേണ്ട സംഗതികളില്ല. എന്നാല്‍ വിദേശയാത്രകളുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നത്. തെറ്റായ വാര്‍ത്ത എവിടെ നിന്നോ പുറത്തുവരുന്നു. പിന്നീട് എല്ലാവരും അത് ഏറ്റുപിടിക്കുന്ന സ്ഥിതിയാണ് കാണുന്നത്. ഔദ്യോഗിക യാത്രകളെല്ലാം നിയമപരമായ മുഴുവന്‍ നടപടിക്രമങ്ങളും സ്വീകരിച്ചുകൊണ്ടുതന്നെയാണ് നടത്തിയിട്ടുള്ളതെന്നുമായിരുന്നു സ്പീക്കറുടെ വിശദീകരണം.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2