കൊച്ചി: തുടർച്ചയായി ഓടി ടി പ്ലാറ്റ്ഫോമുകളിൽ സിനിമ റിലീസ് ചെയ്തതിന്  നടന്‍ ഫഹദ് ഫാസിലിന് തീയറ്റര്‍ സംഘടനയായ ഫിയോക്കിന്റെ താക്കീത്. ഒടിടി സിനിമകളോട് സഹകരിച്ചാല്‍ ഫഹദിനെ വിലക്കിയേക്കുമെന്ന സൂചനയാണ് ഫിയോക്ക് നല്‍കുന്നത്. തുടര്‍ച്ചയായി ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്യുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്.ഫഹദ് ഫാസില്‍ ചിത്രമായ മാലിക് റംസാന്‍ ചിത്രമായി തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുവാനുള്ള തയാറെടുപ്പിനിടയിലാണ് ഫിയോക്കിന്റെ താക്കീത്. ഒടിടി റിലീസുകളോട് സഹകരിച്ചാല്‍ മാലിക് ഉള്‍പ്പടെയുള്ള ഫഹദ് ചിത്രങ്ങള്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുവാന്‍ തയാറാകില്ലെന്നാണ് ഫിയോക് ഫഹദ് ഫാസിലിനെ അറിയിച്ചിരിക്കുന്നത്.പുതിയ ഫിയോക്ക് സമിതിയുടെ ആദ്യ യോഗത്തിന് ശേഷമാണ് തീരുമാനം ഉണ്ടായത്. ഫഹദ് ഫാസിലുമൊത്ത് നടന്‍ ദിലീപും സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും ഫോണിലൂടെ സംസാരിച്ച്‌ സംഘടനയുടെ തീരുമാനം അറിയിക്കുകയും ചെയ്തു. എന്നാല്‍ ഒടിടിയില്‍ മാത്രം റിലീസ് ചെയ്യുന്ന ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് ഉറപ്പ് പറയാന്‍ പറ്റില്ലെന്നാണ് ഫഹദ് പറഞ്ഞതെന്നാണ് പുറത്ത് വരുന്ന വിവരം.

കഴിഞ്ഞ ദിവസങ്ങളിലായി ഫഹദിന്റെ ഇരുള്‍, ജോജി എന്നീ ചിത്രങ്ങള്‍ നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്തിരുന്നു. ഇരുളിന് സമ്മിശ്ര അഭിപ്രായം ലഭിച്ചപ്പോള്‍ ജോജിയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
അതേസമയം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്നും സമിതി യോഗം തീരുമാനിച്ചു. മോഹന്‍ലാല്‍ പ്രധാനകഥാപാത്രമായി അഭിനയിച്ച ദൃശ്യം 2 തീയറ്റര്‍ റിലീസ് ആയിരിക്കില്ലെന്ന് ജീത്തു ജോസഫ് നേരത്തെ തന്നെ അറിയിക്കുകയും ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2