ദില്ലി: ചര്‍ച്ചകള്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല. ദില്ലിയിലെ ചര്‍ച്ചകളും കൂടിക്കാഴ്ചകളും ഇന്നും തുടരും. സിറ്റിങ് സീറ്റുകളിലേയും ഏതാനും മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കാനാണ് സാധ്യത. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഗ്രൂപ്പിസവും നേതാക്കളുടെ തിരുകി കയറ്റലും നടക്കുന്നുവെന്ന പരാതി രൂക്ഷമാണ്. ഇക്കാര്യത്തിലുള്ള എംപിമാരുടെ പരാതിയും ഹൈക്കമാന്‍ഡിനും ലഭിച്ചിട്ടുണ്ട്. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാവുമ്ബോള്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും വലിയ പരിഗണന കിട്ടുമെന്ന സൂചനയാണ് മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്നത്.

യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും:

യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ഉള്‍പ്പടെ ജയസാധ്യതയുള്ള അമ്ബത് ശതമാനത്തോളം സീറ്റുകള്‍ക്ക് പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന നിര്‍ദേശം നേരത്തെ തന്നെ സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ രാഹുല്‍ ഗാന്ധിവെച്ചിരുന്നു. ഈ നിര്‍ദേശം പാലിക്കുന്നതിന്‍റെ ഭാഗമായാണ് മുതിര്‍ന്ന നേതാക്കളില്‍ പലരേയും ഒഴിവാക്കാനുള്ള നീക്കം നടക്കുന്നത്.

തുടര്‍ച്ചയായി മത്സരരംഗത്തുള്ള മുതിര്‍ന്ന നേതാക്കളെ ഇത്തവണത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ കോണ്‍ഗ്രസില്‍ ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ നിമസഭ തിരഞ്ഞെടുപ്പില്‍ അടക്കം അവസരം നല്‍കിയ നേതാക്കളെയാണ് മാറ്റി നിര്‍ത്താന്‍ തിരുമാനിച്ചിട്ടുള്ളത്. വലിയ അതൃപ്തി തന്നെ ഇക്കാര്യത്തില്‍ ഉയരാമെങ്കിലും തീരുമാനത്തില്‍ മാറ്റം വേണ്ടെന്ന നിലപാടിലാണ് നേതൃത്വം.

മത്സരിക്കാന്‍ കെസി ജോസഫ് ശക്തമായ നീക്കം നടത്തുന്നുണ്ടെങ്കിലും അദ്ദേഹത്തിന് ഇനിയും അവസരം നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് എത്തിയിട്ടുണ്ട്. എട്ട് തവണ മത്സരിച്ച്‌ വിജയിക്കുകയും മന്ത്രി പദവി വഹിക്കുകയും ചെയ്തിട്ടുള്ള കെസി ജോസഫിന് വീണ്ടും അവസരം നല്‍കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസും ശക്തമായ പ്രതീഷേധവുമായി രംഗത്ത് വന്നിരുന്നു.

കെസി ജോസഫിന് സീറ്റ് കൊടുത്താല് മറ്റ് മുതിര്‍ന്ന നേതാക്കളും അവകാശവാദം ശക്തമാക്കുമെന്നതിനാല്‍ ആദ്യം തന്നെ കെസി ജോസഫിന്‍റെ പേര് വെട്ടാനുള്ള തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. ജോസഫിന് പുറമെ സീറ്റ് നിഷേധിക്കപ്പെട്ട മറ്റൊരു പ്രമുഖ നേതാവ് എംഎം ഹസന്‍ ആണ്. കഴിഞ്ഞ തവണ ഉള്‍പ്പടെ ഏഴ് തവണ മത്സരിച്ച എംഎം ഹസന്‍ നിലവില്‍ യുഡിഎഫ് കണ്‍വീനറുമാണ്. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ചടയമംഗലത്ത് നിന്ന് മത്സരിച്ചെങ്കിലും സിപിഐയിലെ മുല്ലക്കര രത്നാകരനോട് തോറ്റിരുന്നു.

പാലോട് രവി, തമ്ബാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ്, കെസി റോസക്കുട്ടി, കെ. ബാബു എന്നിവരുള്‍പ്പടെ ഒട്ടേറെ പ്രമുഖരും ഇത്തവണ മാറ്റി നിര്‍ത്തപ്പെടുന്നവരില്‍ ഉള്‍പ്പെടും. ജോസഫിനേയും കെ ബാബുവിനേയും ഒഴിവാക്കുന്നതില്‍ എ ഗ്രൂപ്പില്‍ ശക്തമായ എതിര്‍പ്പുണ്ട്. തൃപ്പൂണിത്തുറയില്‍ 1991 മുതല്‍ അഞ്ചുതവണ മത്സരിച്ച്‌ വിജയിച്ച കെ ബാബു കഴിഞ്ഞ തവണ എം സ്വരാജിനോട് തോറ്റിരുന്നു.

ഒരു അവസരം കൂടി…

എന്നാല്‍ മത്സരിക്കാന്‍ ഒരു അവസരം കൂടി നല്‍കണമെന്ന ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്. നിര്‍ണായക പോരാട്ടത്തില്‍ വിജയമുറപ്പിക്കാന്‍ ഇക്കുറി കൂടി മത്സരിക്കാന്‍ തയാറാണെന്ന് നേതാക്കള്‍ സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍ എച്ച്‌.കെ. പാട്ടീലിനെ അറിയിച്ചു.അധികാരത്തില്‍ തിരിച്ചെത്താന്‍ നടത്തുന്ന തിരഞ്ഞെടുപ്പായതിനാല്‍ വലിയ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ വിജയം മാനദണ്ഡമാക്കണം. അതിനാല്‍ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സാന്നിധ്യം ആവശ്യമാണെന്നും നേതാക്കള്‍ അവകാശപ്പെട്ടുന്നു. സീറ്റ് മോഹിച്ച്‌ ഒട്ടേറെ നേതാക്കള്‍ ദില്ലിയില്‍ കേരള ഹൗസ് ഉള്‍പ്പടേയുള്ള സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ നടക്കുന്ന എല്ലായിടത്തും എത്തുന്നുണ്ട്.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2