തിരുവനന്തപുരം: കെ സുധാകരനടക്കമുള്ള നേതാക്കള്‍ ബുധനാഴ്ച ചുമതലയേല്‍ക്കുന്നതോടെ തുടര്‍ ദിവസങ്ങളില്‍ കെപിസിസി-ഡിസിസി ഭാരവാഹികളുടെ കാര്യത്തില്‍ ചര്‍ച്ച സജീവമാകും. ഇത്തവണ ജംബോ കമ്മറ്റികള്‍ വേണ്ടെന്ന കടുത്ത തീരുമാനത്തിലാണ് പാര്‍ട്ടി നേതൃത്വം. പക്ഷേ ഗ്രൂപ്പുകളുടെ അതിപ്രസരത്തില്‍ അതുപറ്റുമോ എന്നതാണ് പ്രധാന ചോദ്യം. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, വര്‍ക്കിങ് പ്രസിഡന്റുമാരായ പിടി തോമസ്, കൊടിക്കുന്നില്‍ സുരേഷ്, ടി സിദ്ദീഖ് എന്നിവര്‍ ബുധനാഴ്ചയാണ് ചുമതലയേല്‍ക്കുക. ഇതിനു ശേഷമാകും മറ്റു ഭാരവാഹികളുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ തുടങ്ങുക.

കെപിസിസി തലത്തില്‍ പരമാവധി 50ഉം ഡിസിസി തലത്തില്‍ പരമാവധി 25ഉം ഭാരവാഹികള്‍ മാത്രം മതിയെന്നാണ് ഹൈക്കമാൻഡും, കെപിസിസി അധ്യക്ഷൻ കെ സുധാകരനും ആഗ്രഹിക്കുന്നത്. നിലവിലെ കെപിസിസി സമിതിയില്‍ 100ലേറെ പേരാണ് ഭാരവാഹികളായുള്ളത്. ഈ ഭാരവാഹികള്‍ക്ക് പോലും പരസ്പരം അറിയാത്ത സാഹചര്യമുണ്ട്. പലരും പദവി കിട്ടിക്കഴിഞ്ഞാന്‍ ആ വഴി വരാറില്ലെന്നതാണ് സത്യം. ആ അവസ്ഥയ്ക്ക് ഇത്തവണ മാറ്റം വേണമെന്നാണ് എല്ലാവരുടെയും ആവശ്യം. പ്രവര്‍ത്തിക്കാത്ത ഒറ്റ നേതാവിനെയും ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടെന്നാണ് ഹൈക്കമാന്‍ഡും പറയുന്നത്. കെപിസിസിയിൽ വര്‍ക്കിങ് പ്രസിഡന്റുമാരുള്ളപ്പോള്‍ എന്തിന് വൈസ് പ്രസിഡന്റുമാര്‍ എന്ന ചോദ്യവും ഉയരുന്നുണ്ട്. ജനറല്‍ സെക്രട്ടറിമാരുടെ എണ്ണവും സെക്രട്ടറിമാരുടെ എണ്ണവും കുറയ്ക്കണമെന്നും ആവശ്യമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസിസി തലത്തിലും ഇതുതന്നെയാകും പിന്തുടരുക. ഡിസിസി അധ്യക്ഷന്‍മാരെ ഗ്രൂപ്പു മാനദണ്ഡങ്ങള്‍ നോക്കാതെയാകും പ്രഖ്യാപിക്കുക. പുതുമുഖങ്ങള്‍ക്ക് തന്നെയാകും പട്ടികയില്‍ പ്രാധാന്യമേറെ. വനിതകള്‍ക്കും പ്രാതിനിധ്യമുണ്ടാകും. അതിനിടെ പാര്‍ട്ടി അധ്യക്ഷനെ തീരുമാനിച്ചതിലും പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതിലും വലിയ അതൃപ്തിയുള്ള എ, ഐ ഗ്രൂപ്പുകള്‍ പുനസംഘടനയോട് സഹകരിക്കും. തല്‍ക്കാലം ഹൈക്കമാന്‍ഡിനെ പിണക്കി മുമ്ബോട്ടു പോകേണ്ടതില്ലെന്നാണ് അവരുടെ തീരുമാനം.