ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെ ആദ്യ പടിയായി കണ്ട് ദേശീയ രാഷ്ട്രീയത്തിലേക്ക് ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കുകയാണ് കോണ്‍ഗ്രസ്. ദേശീയ നേതൃത്വത്തില്‍ വരെ വലിയ അഴിച്ചു പണിക്കാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഒരാള്‍ക്ക് ഒരു പദവി എന്ന നയം പാര്‍ട്ടിയില്‍ കര്‍ശനമാക്കും.

നിലവില്‍ നിരവധി നേതാക്കള്‍ ഒന്നിലധികം പദവികള്‍ വഹിക്കുന്നുണ്ട്. ഇവരെയെല്ലാം ഓരോ പദവിയില്‍ നിന്ന് ഒഴിവാക്കും. ലോക്സഭാ കക്ഷി നേതാവായിരിക്കുന്നഅധീര്‍ രഞ്ജന്‍ ചൗദരി ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ കൂടിയാണ്. മധ്യപ്രദേശില്‍ കമല്‍നാഥ് പിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവുമാണ്. കേരളത്തില്‍ നിന്നുള്ള കൊടുക്കുന്നില്‍ സുരേഷ് കെപിസിസി വര്‍ക്കിങ് പ്രസിഡന്റും പാര്‍ലമെന്റില്‍ പാര്‍ട്ടി ചീഫ് വിപ്പുമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ലോക്സഭയിൽ കക്ഷി നേതാവായി ശശി തരൂർ?

ലോക്സഭാ കക്ഷി നേതാവായ അധീര്‍ രഞ്ജന്‍ ചൗദരിയെ തത്സ്ഥാനത്ത് മാറ്റി പകരം മറ്റൊരു നേതാവിനെ എത്തിക്കാനാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയും തിരിച്ചെത്തിയിട്ടില്ലാത്ത രാഹുല്‍ ഗാന്ധി ലോക്‌സഭാ കക്ഷി നേതാവും ആകില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള എംപി ശശി തരൂരിനാണ് ഈ സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.

കൊടുക്കുന്നില്‍ സുരേഷിന് പാര്‍ലമെന്റില്‍ ചീഫ് വിപ്പ് പദവി നഷ്ടമാകും. സുരേഷിനെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിലനിര്‍ത്തിക്കൊണ്ട് പഞ്ചാബില്‍ നിന്നോ ബംഗാളില്‍ നിന്നോ ഒരു നേതാവിനെ ചീഫ് വിപ്പാക്കാനാണ് സാധ്യത. കമല്‍നാഥിന്റെ കാര്യത്തിലും തീരുമാനമുണ്ടാകും.

ബിജെപിക്കെതിരെ പോരാട്ടം കടുപ്പിക്കാൻ തീരുമാനം:

ബിജെപിക്കെതിരെ തുറന്ന പോരിനാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാഹുല്‍ ഗാന്ധിയും. ബിജെപിയ്ക്കെതിരെ സധൈര്യം പോരാടാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരിക്കുകയാണ് രാഹുല്‍. ബിജെപിയെ ഭയക്കുന്നവര്‍ക്ക് കോണ്‍ഗ്രസ് വിട്ട് പോകാമെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കുന്നു. കോണ്‍ഗ്രസ് സമൂഹ മാധ്യമ വിഭാഗത്തിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു രാഹുല്‍ നിലപാട് കടുപ്പിച്ചത്.