ന്യൂഡല്‍ഹി:കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതിയവരില്‍ ഒരാളായ കപില്‍ സിബല്‍ തങ്ങളുന്നയിച്ച ആശങ്കകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പരിഗണിച്ചില്ലന്നും അത് ചര്‍ച്ചയായില്ലെന്നും പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ തുറന്നടിച്ചത്‌. കൂടാതെ, കത്തില്‍ ഒപ്പിട്ടവര്‍ക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ അത് തടയാനും ആരും മുന്നോട്ടു വന്നില്ലെന്നും സിബല്‍ പറഞ്ഞു.

ബിജെപി ഭരണഘടന മാനിക്കുന്നില്ലെന്നും ജനാധിപത്യ അടിത്തറ നശിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും ആരോപിക്കുന്നുണ്ട്.’ ഞങ്ങള്‍ എന്താണ് വേണ്ടത്. ഞങ്ങളുടെ (പാര്‍ട്ടിയുടെ) ഭരണഘടന പാലിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിനെ ആര്‍ക്കാണ് എതിര്‍ക്കാനാവുക’ എന്നും കപില്‍ സിബല്‍ ചോദിച്ചു.

‘ ഈ രാജ്യത്തെ രാഷ്ട്രീയം, ഞാന്‍ ഏതെങ്കിലും പ്രത്യേക പാര്‍ട്ടിയെ അടിസ്ഥാനമാക്കി പറയുന്നില്ല. രാഷ്ട്രീയം പ്രാഥമികമായി വിശ്വസ്തതയില്‍ അധിഷ്ഠിതമാണ്‌. വിശ്വസ്തതയോടൊപ്പം യോഗ്യതയും പ്രതിബദ്ധതയും ഉള്‍ക്കൊള്ളാനുള്ള മനസ്സും അതായത് കേള്‍ക്കാനും ചര്‍ച്ചക്കുള്ള വേദി’. അതായിരിക്കണം രാഷ്ട്രീയം’ അദ്ദേഹം പറഞ്ഞു.

കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പ്രവര്‍ത്തക സമിതിയില്‍ അറിയിക്കേണ്ടതായിരുന്നുവെന്നും കപില്‍ സിബല്‍ പറഞ്ഞു. സംഭവിക്കേണ്ട അടിസ്ഥാനപരമായ കാര്യമാണ് അതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു . ഞങ്ങള്‍ എഴുതിയതില്‍ എന്തെങ്കിലും തെറ്റ് കണ്ടെത്തിയാല്‍ തീര്‍ച്ചയായും ഞങ്ങളെ ചോദ്യം ചെയ്യാമെന്നും കപില്‍ സിബല്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ ഞങ്ങള്‍ എഴുതിയതിന്‍റെ വസ്തുതയെ കുറിച്ചോ പൊരുളിനെ കുറിച്ചോ സംസാരിക്കുന്നില്ലെങ്കില്‍ അത് സ്വന്തം കാരണത്താല്‍ അകന്നു നില്‍ക്കുന്നതിന്‍റെ ഉദാഹരണമാണന്നും ഇപ്പോള്‍ അതാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. കത്തില്‍ പ്രതിഫലിച്ചിട്ടുള്ള അഭ്യര്‍ത്ഥന പ്രവര്‍ത്തക സമതിയില്‍ അഭിസംബോധന ചെയ്യാന്‍ ശ്രമിച്ചിട്ടില്ല, എന്നിട്ടും വിമതര്‍ എന്ന് വിളിക്കുന്നുവെന്നും സിബല്‍ പറഞ്ഞു.

‘കത്ത് ചര്‍ച്ചയ്‌ക്കെടുത്തില്ലെങ്കിലും യോഗത്തില്‍ ഞങ്ങളെ രാജ്യദ്രോഹികള്‍ എന്ന് വിളിച്ചിരുന്നു. നേതൃത്വമടക്കം ഇത് കോണ്‍ഗ്രസില്‍ ഉപയോഗിക്കുന്ന ഭാഷയല്ലെന്ന് അങ്ങനെ വിളിച്ചവരോട് പറഞ്ഞില്ല. ഞങ്ങളുടെ കത്ത്, അതിന്‍റെ എല്ലാ ഭാഗങ്ങളും വളരെ പരിഷ്‌കൃത ഭാഷയിലാണ് പ്രകടിപ്പിച്ചത്’
‘രാജ്യത്തുടനീളമുള്ള കോണ്‍ഗ്രസുകാരായവരും അല്ലാത്തവരും ഞങ്ങളുയര്‍ത്തിയ ആശങ്കകള്‍ക്കൊപ്പം നില്‍ക്കുന്നുണ്ട്. അതിനാല്‍ വ്യക്തമായും കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ഞങ്ങളുടെ ആഗ്രഹത്തെ വിലമതിക്കുന്ന ഒരു പൊതുവികാരമുണ്ട്’ എന്നും അഭിമുഖത്തില്‍ കപില്‍ സിബല്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2