തിരുവനന്തപുരം: രാജ്‌മോഹന്‍ ഉണ്ണിത്താന് എതിരെ മദ്യപിച്ചെത്തി അസഭ്യവര്‍ഷം ചൊരിഞ്ഞ രണ്ട് കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കി. ആറുമാസത്തേക്കാണ് പുറത്താക്കിയത്. ഇന്നലെ വൈകുന്നേരം പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മാവേലി എക്സ്‌പ്രസില്‍ കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി യെ മദ്യപിച്ചെത്തി കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും, അസഭ്യവര്‍ഷം നടത്തുകയും ചെയ്ത പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത് നെയും, കൂട്ടാളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി അനില്‍ വാഴുന്നോറടിയെയും ആണ് പുറത്താക്കിയത്.

അന്വേഷണവിധേയമായി ആറുമാസത്തേക്ക് പാര്‍ട്ടിയില്‍നിന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പുറത്താക്കിയതായി സര്‍ക്കുലര്‍ ഇറക്കി. മാവേലി എക്സ്‌പ്രസില്‍ വച്ച്‌ കാസര്‍കോട് എംപി ശ്രീ രാജ്‌മോഹന്‍ ഉണ്ണിത്താനോട് അപമര്യാദയായി പെരുമാറിയത് ഗൗരവതരവും, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നതും ആണെന്നും, പാര്‍ട്ടി വിരുദ്ധവും, അച്ചടക്ക ലംഘനവും ആണെന്ന് കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഈ കാര്യത്തില്‍ പത്മരാജന്‍ ഐങ്ങോത്ത്, അനില്‍ വാഴുന്നോറടി എന്നിവര്‍ക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ എന്തെങ്കിലും കാരണം ബോധിപ്പിക്കാന്‍ ഉണ്ടെങ്കില്‍ പ്രസ്തുത കത്ത് കിട്ടി ഒരാഴ്ചയ്ക്കുള്ളില്‍ രേഖാമൂലം സമര്‍പ്പിക്കേണ്ടതാണ്. നിശ്ചിതസമയത്തിനുള്ളില്‍ ഇതുസംബന്ധിച്ച്‌ രേഖാമൂലം വിശദീകരണം ലഭിക്കുന്നില്ലെങ്കില്‍, ഈ കാര്യത്തില്‍ യാതൊരു വിശദീകരണവും നല്‍കാനില്ല എന്ന നിഗമനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും എന്ന് കെപിസിസി പ്രസിഡണ്ട് ശ്രീ കെ സുധാകരന്‍ എംപി കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹക്കീം കുന്നിലിന്റെ വിശ്വസ്തനാണ് പത്മരാജന്‍. നിയമസഭ തെരഞ്ഞെടുപ്പ്, സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എംപിയുടെ ഓഫീസിനു മുന്‍പില്‍ കരിങ്കൊടി കെട്ടിയതും പത്മരാജന്റെ നേതൃത്വത്തിലായിരുന്നു.
മാവേലി എക്സ്‌പ്രസ് ട്രയിനിലെ സെക്കന്റ് എ.സി കംപാര്‍ട്ട്മെന്റില്‍ വച്ചാണ് സംഭവം. എംപിക്കൊപ്പം എംഎല്‍എ മാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, ഇ ചന്ദ്രശേഖരന്‍ എന്നിവരും ഉണ്ടായിരുന്നു. തന്നെ ആക്രമിക്കണമെന്ന പ്രത്യേക ഉദ്ദേശത്തോടെ ട്രെയിനില്‍ കയറിയവരാണ് മദ്യപിച്ച രണ്ടുപേരെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കണ്ണൂര്‍ ആര്‍.പി.എഫ് എംപിയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക