തെരഞ്ഞെടുപ്പിനായി ആരെയും കെട്ടിയിറക്കാന്‍ അനുവദിക്കില്ലെന്നും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ വേണ്ടെന്നും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി തീരുമാനം. എംപിമാരും തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളും സ്ഥാനാര്‍ഥികളുടെ പേരുകള്‍ നിര്‍ദ്ദേശിക്കണമെന്നും തെരഞ്ഞെടുപ്പ് സമിതിയില്‍ ധാരണയായി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ മാത്രം സ്ഥാനാര്‍ഥിപട്ടിക നിശ്ചയിച്ചാല്‍ മതിയെന്നാണ് തീരുമാനം. ഇന്നലെ രാത്രി എട്ടരയോടെ ആരംഭിച്ച യോഗം അര്‍ദ്ധരാത്രി 12 മണി വരെ നീളുകയായിരുന്നു. വയലാര്‍ രവിയുടെ സജീവസാന്നിധ്യവും യോഗത്തിലുണ്ടായിരുന്നു.

വിവരങ്ങള്‍ ഒരു കാരണവശാലും ചോരരുതെന്ന കര്‍ശനനിര്‍ദ്ദേശത്തോടെയാണ് യോഗം പിരിഞ്ഞത്. നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള എംപിമാര്‍ ഓരോ മണ്ഡലത്തിലേയും സ്ഥാനാര്‍ഥികളുടെ പേരുകളും സ്ഥാനാര്‍ഥി മാനദണ്ഡങ്ങളും എഴുതി നല്‍കണം. തെരഞ്ഞെടുപ്പ് സമിതി അംഗങ്ങള്‍ക്കും സ്ഥാനാര്‍ഥിത്വത്തിനായി പേരുകള്‍ കെപിസിസി പ്രസിഡന്റിന് എഴുതി നല്‍കാവുന്നതാണെന്നും ധാരണയായി.

തെരഞ്ഞെടുപ്പിന് വെറും 38 ദിവസങ്ങള്‍ ബാക്കിനില്‍ക്കുന്ന ഘട്ടത്തില്‍ താഴത്തട്ടില്‍ സംഘടനാ സംവിധാനം കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ടെന്നാണ് തെരഞ്ഞെടുപ്പ് സമിതിയുടെ വിലയിരുത്തല്‍. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഒഴികെ മറ്റ് കക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ഏതാണ്ട് പൂര്‍ത്തിയായതായാണ് വിവരം.

അതിവേഗം സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണ്ണയവും പൂര്‍ത്തിയാക്കാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു. ഇതിനായി അടുത്ത മാസം മൂന്നിന് യുഡിഎഫ് യോഗം വിളിച്ചുചേര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.സീറ്റ് വിഭജന ചര്‍ച്ചകള്‍ തിങ്കളാഴ്ച്ച പൂര്‍ത്തീകരിക്കുമെന്നും മൂന്നാം തീയതി എല്ലാ കക്ഷികളുടേയും സീറ്റുകള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. വളരെ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ ഏപ്രില്‍ 6ന് തെരഞ്ഞെടുപ്പ് നടക്കുമെന്നും മെയ് രണ്ടിന് വോട്ടെണ്ണല്‍ നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വാര്‍ത്താസമ്മേളനത്തിലൂടെ ഇന്നലെ അറിയിച്ചിരുന്നു. കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. മാര്‍ച്ച്‌ 12ന് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.മാര്‍ച്ച്‌ 19നുള്ളില്‍ പത്രികകള്‍ സമര്‍പ്പിച്ചിരിക്കണം. സൂക്ഷ്മപരിശോധന മാര്‍ച്ച്‌ 20ന് നടക്കും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച്‌ 22 ആയിരിക്കും. മുന്‍വര്‍ഷങ്ങളിലെ പോലെ ഒറ്റഘട്ടമായാണ് കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുക. മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ ആറിന് തന്നെ നടക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2