കണ്ണൂര്‍: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള തളിപ്പറമ്ബ് സര്‍വീസ് സഹകരണ ബാങ്കില്‍ ഒരു കോടിയുടെ ക്രമക്കേടെന്ന് ആരോപണം.ഇഷ്ടക്കാ‍ര്‍ക്ക് വായ്പ നല്‍കിയും തിരിച്ചടവിന് കൂടുല്‍ സമയം നല്‍കിയും ബാങ്ക് പ്രസിഡന്റ് അഴിമതി നടത്തിയെന്നാണ് ആരോപണം. ബാങ്ക് പ്രസിഡണ്ട് കല്ലിങ്കല്‍ പത്മനാഭനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.2003ലാണ് തളിപ്പറമ്ബ് സര്‍വീസ് സഹകരണ ബാങ്കിന്‍റെ പ്രസിഡണ്ടായി കല്ലിങ്കല്‍ പത്മനാഭനെ നിയമിക്കുന്നത്. നീണ്ട പതിനെട്ട് വര്‍ഷമായി പത്മനാഭന്‍ ബാങ്കിന്‍റെ തലപ്പത്തായതോടെ അഴിമതിയുടെ പരാതികള്‍ ഒന്നൊന്നായി പുറത്ത് വരാന്‍ തുടങ്ങി. ബാങ്ക് കെട്ടിട നിര്‍മാണത്തില്‍ അഴിമതി കാണിച്ച്‌ ലക്ഷക്കണക്കിന് രൂപ ബാങ്കിന് നഷ്ടം വരുത്തി എന്നതായിരുന്നു ആദ്യ ആരോപണം. ഇതിന് പത്മനാഭനെതിരെ വിജിലന്‍സ് കേസും നിലനില്‍ക്കുന്നുണ്ട്. സ്വന്തക്കാര്‍ക്ക് ആവശ്യാനുസരണം വായ്പകളും വായ്പാ ഇളവും നല്‍കിയെന്നതായിരുന്നു അടുത്ത ആരോപണം. പ്രസി‍ഡന്റിന്റെ അമ്മയുടെ പേരിലുള്ള വായ്പയ്ക്ക് ഒരു ലക്ഷത്തിലധികം രൂപയുടെ പലിശയിളവാണ് ബാങ്ക് നല്‍കിയത്.ബാങ്ക് തുടങ്ങിയ സ്റ്റുഡന്‍സ് സ്റ്റോറിന് പിന്നിലും ക്രമക്കേടുകളുണ്ടെന്നാണ് ആരോപണം. നഷ്ടത്തിലായ സ്ഥാപനത്തില്‍ രണ്ട് ജീവനക്കാരെ സ്ഥിരമായി നിയമിച്ചതും ഇഷ്ടക്കാരെ കൈവിടാതിരിക്കാനായിരുന്നു.. എന്നാല്‍, ബാങ്കില്‍ ക്രമക്കേടുകള്‍ കണ്ടെത്തി കാലങ്ങളായെങ്കിലും പ്രസിഡന്റിനെതിരെ നടപടിയെടുക്കാന്‍ ഭരണസമിതിയോ പാര്‍ട്ടി നേതൃത്വമോ തയ്യാറായിരുന്നില്ല. ഈ ആരോപണങ്ങളൊക്കെ നിലനില്‍ക്കെയായിരുന്നു പാര്‍ട്ടി കല്ലിങ്കല്‍ പത്മനാഭനെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതും തളിപ്പറമ്ബ് നഗരസഭ വൈസ് ചെയര്‍മാനാക്കിയതും. ക്രമക്കേടുകളില്‍ പാര്‍ട്ടിയും പങ്കു പറ്റിയെന്ന് സിപിഎം ആരോപിക്കുന്നു.