തിരുവനന്തപുരം: ഡിസിസി പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ചാല്‍ കൂടുതല്‍ കടുത്ത നിലപാടിലേക്ക് നീങ്ങാന്‍ എ-ഐ ഗ്രൂപ്പുകളുടെ നീക്കം. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നിര്‍ദ്ദേശിച്ച പേരുകള്‍ക്കപ്പുറം കൂടുതല്‍ പേരുകള്‍ ഉള്‍പ്പെടുത്തിയതാണ് ഗ്രൂപ്പുകളുടെ രോഷത്തിന്‍റെ കാരണം. നേതൃമാറ്റത്തിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ്സില്‍ കൂടുതല്‍ ഒതുക്കപ്പെടുന്നുവെന്ന പരാതിയാണ് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും. സാധാരണ ഡിസിസി പുനഃസംഘടനാ ചര്‍ച്ചകളില്‍ കിട്ടിയ പരിഗണന കിട്ടാത്തതാണ് ഹൈക്കമാന്‍ഡിനോട് പരാതിപ്പെടാനുള്ള കാരണം.

സ്വന്തം ജില്ലകളിലെ പുനഃസംഘടനയില്‍ ഇതുവരെ ഇരുനേതാക്കളുടേതുമായിരുന്നു അവസാന വാക്ക്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ആലപ്പുഴയില്‍ ചെന്നിത്തല ബാബുപ്രസാദിന്‍റെ പേര് മുന്നോട്ട് വെച്ചപ്പോള്‍ കെ സി വേണുഗോപാലിന്‍റെ നോമിനിയായി എം ജെ ജോബിന്‍റെ പേരും പട്ടികയില്‍ ചേര്‍ത്തു. കോട്ടയത്ത് ഉമ്മന്‍ചാണ്ടി മൂന്നിലേറെ പേര് മുന്നോട്ട് വെച്ചെങ്കിലും പട്ടിക സമര്‍പ്പിക്കും മുമ്ബ് ആലോചിച്ചില്ലെന്നാണ് പ്രധാന പരാതി. വിഡി സതീശനും കെ സുധാകരനും ഉമ്മന്‍ചാണ്ടിയോടും ചെന്നിത്തലയോടും പല വട്ടം ചര്‍ച്ച നടത്തിയിരുന്നു. ഇരുവരും പേരുകള്‍ മുന്നോട്ട് വെച്ചെങ്കിലും സതീശന്‍ ആവശ്യപ്പെട്ട പോലെ പാനല്‍ നല്‍കിയില്ല.

പല ജില്ലകളിലെയും സാധ്യതാപട്ടികയില്‍ കൂടുതലും സതീശനെയും വേണുഗോപാലിനെയും പിന്തുണക്കുന്നവരായതും എ-ഐ ഗ്രൂപ്പുകളെ ചൊടിപ്പിച്ചു. ദില്ലിയിലെ അന്തിമവട്ട ചര്‍ച്ചയിലേക്കും വിളിക്കാത്തതോടെയാണ് ഉമ്മന്‍ചാണ്ടിയുടേയും ചെന്നിത്തലയുടേയും രോഷം കടുത്തത്. എന്നാല്‍ ദില്ലി ചര്‍ച്ചകളില്‍ പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും മാത്രമാണ് പങ്കെടുക്കാറുള്ളതെന്ന പതിവാണ് സതീശന്‍ അനുകൂലികള്‍ ഓര്‍മ്മിപ്പിക്കുന്നത്.

ദില്ലി ചര്‍ച്ചയ്ക്കിടെ ഉടന്‍ പട്ടിക നല്‍കാന്‍ ഹൈക്കമാന്‍ഡാണ് നിര്‍ദ്ദേശം വെച്ചതെന്നാണ് സതീശന്‍ അനുകൂലികളുടെ വിശദീകരണം. സാധ്യതാ പട്ടികയില്‍ വനിതയും പിന്നോക്ക വിഭാഗ പ്രതിനിധിയും ഇല്ലാത്തതും വിമര്‍ശനത്തിനിടയായിട്ടുണ്ട്. സാമുദായിക സമവാക്യങ്ങള്‍ പാലിക്കാന്‍ പട്ടികയില്‍ ചെറിയ മാറ്റങ്ങള്‍ വരാനും സാധ്യതയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക