കാക്കനാട്: തൃക്കാക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ നിശാ ക്യാമ്പിലെ പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടയടി. പരുക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അവിടെയും സംഘട്ടനം അരങ്ങേറി. കസേരകൊണ്ട് അടിയേറ്റ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം. മന്‍സൂറിന്റെ മൂക്കിനു മുറിവേറ്റു. മൂന്നു തുന്നിക്കെട്ടുണ്ട്.

കെഎസ്‍യു നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പി.എന്‍. നവാസ്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് റസല്‍ എന്നിവരും പരുക്കേറ്റ് ആശുപത്രിയിലാണ്. മന്‍സൂറിനെയും നവാസിനെയും ആക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജി വാഴക്കാല ഉള്‍പ്പെടെ 8 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

റസലിനെ ആക്രമിച്ചതിനു കെ.എം. മന്‍സൂര്‍ ഉള്‍പ്പെടെ 19 പേര്‍ക്കെതിരെയും കേസെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തൃക്കാക്കര വെസ്റ്റ് മണ്ഡലത്തിലെ ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ സംഘടിപ്പിച്ച ക്യാമ്ബ് സമാപിച്ച്‌ ഭക്ഷണം കഴിഞ്ഞ ശേഷം രാത്രി 10 നാണ് ഏതാനും പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയത്. ഓഡിറ്റോറിയത്തിലും പുറത്തുമായി ഗ്രൂപ്പ് തിരിഞ്ഞ് അര മണിക്കൂറോളം സംഘട്ടനം നടന്നു.

പി.ടി. തോമസ് എംഎല്‍എയും ക്യാമ്പ് ഉദ്ഘാടനം ചെയ്ത കെപിസിസി സെക്രട്ടറി എ. പ്രസാദും സ്ഥലത്തു നിന്നു പോയതിനു ശേഷമായിരുന്നു സംഘട്ടനം. തൃക്കാക്കര വെസ്റ്റ് മണ്ഡലത്തിലെ ഒരു ബൂത്ത് കമ്മിറ്റിയുടെ പ്രസി‍ഡന്റ് പദവിയെ ചൊല്ലി കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കം നിലവിലുണ്ടായിരുന്നു. ഇതു സംബന്ധിച്ച വാഗ്വാദമാണു കൂട്ടത്തല്ലില്‍ കലാശിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2