കൊല്ലം : കേരളത്തില്‍ കോണ്‍ഗ്രസിന്റെ പതനം സുനിശ്ചിതമെന്ന് സി.പി.എം ദേശീയ നേതാവ് പ്രകാശ് കാരാട്ട്. കോണ്‍ഗ്രസ് നാള്‍ക്കു നാള്‍ താഴേക്കു പോവുകയാണ്. ഇടത് പക്ഷത്തിന്റെയല്ല സ്വന്തം പാര്‍ട്ടിയുടെ ഭാവിയാണ് എ.കെ ആന്റണി ശ്രദ്ധിക്കേണ്ടത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഇല്ലാത്ത അവസ്ഥ വരും. ഇക്കുറി കരുത്തരായ യുവത്വത്തെയാണ് ബംഗാളില്‍ ഇടത്പക്ഷം സ്ഥാനാര്‍ത്ഥികളാക്കിയതെന്നും കാരാട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു.
കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് ഭരണാഘടനാ വിരുദ്ധവും,നിയമ വിരുദ്ധവുമാണ്. കേരള സര്‍ക്കാര്‍ ഈ പ്രശ്‌നം കോടതിയുടെ മുന്നില്‍ എത്തിക്കുകയാണ്. കേരളത്തിന്റെ ഈ നീക്കം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്കും വഴികാട്ടിയാകാം. രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ആര്‍ട്ടിക്കിള്‍ 24 പ്രകാരമുള്ള നടപടികളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. പിണറായി സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ തരംഗമില്ല. ഇക്കാരണത്താലാണ് ജനം അംഗീകരിക്കുന്നത്. ഭക്ഷ്യ കിറ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ അഭിനന്ദാര്‍ഹമാണ് എന്ന് കാരാട്ട് പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളിലെ ഭരണ നിര്‍വ്വഹണം ജനം വിലയിരുത്തി. ശബരിമല ഈ തെരഞ്ഞെടുപ്പില്‍ വിഷയമല്ല. നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യാന്‍ ആരുമില്ലാത്ത സ്ഥിതി ഉണ്ടാകരുത്. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് തടയപ്പെടണം. ആര്‍ക്കും ചോദ്യം ചെയ്യാനാവാത്ത സ്ഥിതി മാറണം കോടതിയിലും, ജുഡീഷ്യല്‍ അന്വേഷണം വഴിയും പുതിയ വഴി തേടുകയാണെന്നും കാരാട്ട് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2