കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞിട്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും അവലോകന യോഗം ചേരാനോ, വോട്ടു കണക്കുകൾ കൃത്യമായി വിലയിരുത്താനോ ആകാതെ കേരള കോൺഗ്രസ് ജോസഫി വിഭാഗം. പി.സി തോമസിന്റെ കേരള കോൺഗ്രസിൽ ലയിച്ചെങ്കിലും പാർട്ടി ഇപ്പോഴും പി.സി തോമസിന്റെ കൈകളിലാണ്. ഇതിനാൽ ഒരു കമ്മിറ്റി പോലും വിളിച്ചു ചേർക്കാനാവാതെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇപ്പോഴും പ്രതിസന്ധിയിലാണ്. ഇത് കടുത്ത പ്രതിസന്ധിയ്‌ക്കൊപ്പം പൊട്ടിത്തെറിയുടെ ഭീതിയിലാക്കിയിരിക്കുകയാണ് കേരള കോൺഗ്രസിനെ.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു മണിക്കൂറുകൾ മുൻപ് ഒറ്റ രാത്രികൊണ്ടാണ് കേരള കോൺഗ്രസ് പി.സോ തോമസ് വിഭാഗവും ജോസഫ് വിഭാഗവും തമ്മിൽ ലയിച്ചത്. ലയനത്തിന് ഇതുവരെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചതുമില്ല. ലയനത്തിനു ശേഷം ഇതുവരെയും കേരള കോൺഗ്രസ് പാർട്ടികൾ തമ്മിൽ യോഗം ചേർന്നു ഭാരവാഹികളെ നിശ്ചയിക്കുകയോ പാർട്ടി പദവികൾ കൃത്യമായി വീതം വയ്ക്കുകയോ ചെയ്തിട്ടില്ല. ഇതിനിടെയാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് പൂർത്തിയായിരിക്കുന്നത്.

ബൂത്ത് കമ്മിറ്റികൾ മുതൽ സംസ്ഥാന കമ്മിറ്റി വരെ പുനസംഘടിപ്പിക്കുകയും ഈ കമ്മിറ്റികളുടെ ചുമതലക്കാരെ കണ്ടെത്തുകയും വേണം. എന്നാൽ, ഈ കമ്മിറ്റികൾ ഒരിടത്തും സംഘടിപ്പിക്കുന്നതിനോ ഇവർക്കു ചുമതലകൾ നൽകുന്നതിനോ രണ്ടു പാർട്ടികൾക്കും സാധിച്ചിട്ടില്ല. ഫലത്തിൽ ഇരു പാർട്ടികളിലെ ഒന്നോ രണ്ടോ നേതാക്കൾ ഒന്നിച്ചിരുന്ന ലയനം നടന്നതായി പ്രഖ്യാപിച്ചതല്ലാതെ നടപടികൾ ഒന്നും ഇതുവരെയും പൂർത്തിയായിട്ടുമില്ല. ഈ സാഹചര്യത്തിലാണ് കേരള കോൺഗ്രസിന് തിരഞ്ഞെടുപ്പ് അവലോകനം പോലും പൂർത്തിയാകാത്താനാവാത്ത സാഹചര്യമുണ്ടായത്.

തിരഞ്ഞെടുപ്പിന്റെ ആദ്യ ദിനങ്ങളിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി കാഞ്ഞിരപ്പള്ളിയിലേയ്ക്കും, കടുത്തുരുത്തിയിലേയ്ക്കും പി.സി തോമസിന്റെ പേര് പരിഗണിച്ചിരുന്നു. ഈ സീറ്റുകളിൽ ഒരിടത്തും പി.സി തോമസിനെ സ്ഥാനാർത്ഥിയാക്കിയതുമില്ല. ഇതിനിടെയാണ് ഒരു രാത്രി കൊണ്ടു തന്നെ പി.സി തോമസിന്റെ പാർട്ടിയിൽ പി.ജെ ജോസഫ് വിഭാഗം ലയിച്ചത്. എൻ.ഡി.എ മുന്നണിയിൽ നിന്നും ഇനിയും പി.സി തോമസിനെ പുറത്താക്കുകയോ, ഇദ്ദേഹത്തിന്റെ പാർട്ടി സ്വയം പുറത്തു പോകുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് രണ്ടു പാർട്ടികളും ലയിച്ചിരിക്കുന്നത്. ഇതോടെ ജോസഫ് വിഭാഗം എൻ.ഡി.എുടെ ഭാഗമായോ, തോമസ് വിഭാഗം യു.ഡി.എഫിന്റെ ഭാഗമായോ എന്ന ചോദ്യമാണ് ഉയരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2