തിരുവനന്തപുരം: ഡി.സി.സി പുനസംഘടനയെച്ചൊല്ലി ഭിന്നത രൂക്ഷമായ കോണ്‍ഗ്രസില്‍ അനുനയ ചര്‍ച്ചകള്‍ വിജയത്തിലേക്ക്. ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പരിഭവങ്ങള്‍ പരിഹരിച്ചെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. പുനസംഘടനയില്‍ ഇനി ചര്‍ച്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് എം.പി രാജ്മോഹന്‍ ഉണ്ണിത്താനോട് കെ.പി.സി.സി വിശദീകരണം ചോദിക്കണമെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതായാണ് സൂചന. ഇരുവരുമായി സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരഭാവനില്‍ വെച്ചാണ് ചര്‍ച്ച നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തീരുമാനങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പാര്‍ട്ടി വിട്ട് പോകണമെന്ന് ഉണ്ണിത്താന്‍ പറഞ്ഞിരുന്നു. ഇതില്‍ വിശദീകരണം തേടണമെന്നാണ് നേതാക്കളുടെ ആവശ്യം. തുടര്‍ന്നുള്ള പുനസംഘടനയില്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ചര്‍ച്ചയ്ക്ക് ശേഷം സുധാകരന്‍ വ്യക്തമാക്കി.

കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ പ്രശ്‌നപരിഹാരത്തിനായി കേരളത്തിലേക്ക് എത്തുമെന്ന ധാരണയുണ്ടായിരുന്നുവെങ്കിലും അതുണ്ടാകില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി ഹൈക്കമാന്റിനെ അറിയിച്ചെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഡി.സി.സി പുനസഘടനയില്‍ കോണ്‍ഗ്രസിനുള്ളിലുണ്ടായ ഭിന്നതകള്‍ക്ക് ഇതോടെ താല്‍ക്കാലിക വിരാമമാകുകയാണ്. നേരത്തെ നേതൃത്വത്തിനെതിരെ നിലപാടെടുത്ത് എ.വി. ഗോപിനാഥ്, പി.എസ്. പ്രശാന്ത് എന്നിവര്‍ പാര്‍ട്ടി വിട്ടിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക