കോട്ടയം: മരണാനന്തര ചടങ്ങിനിടെ ബന്ധുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എസ്.എച്ച്‌.ഒയുടെ ഭാര്യക്ക് വെട്ടേറ്റു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകന് മര്‍ദനമേല്‍ക്കുകയും ചെയ്തു. കാസര്‍കോട് കോസ്റ്റല്‍ എസ്.എച്ച്‌.ഒ എം.ജെ അരുണിന്റെ ഭാര്യ ശ്രീജ (40)യ്ക്കാണ് വെട്ടേറ്റത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ന്യൂസ് ടെണ്‍ ഓണ്‍ലൈന്‍ ചീഫ് റിപ്പോര്‍ട്ടറും മംഗളം കുമരകം ലേഖകനുമായ അനീഷിനെയാണ് ആക്രമിച്ചത്.

ഞായറാഴ്ച രാത്രി 9ന് വൈക്കം ചെമ്മനത്തുകരയിലാണ് സംഭവം. കഴിഞ്ഞ ദിവസം ശ്രീജയുടെ അമ്മാവന്‍ ചെമ്മനത്തുകര സ്വദേശി മരണപ്പെട്ടിരുന്നു. ഞായറാഴ്ച 41ആം ചരമദിനമായിരുന്നു. ഇതിനോടനുബന്ധിച്ച്‌ വീട്ടില്‍ കര്‍മ്മങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇത്തരം കര്‍മ്മങ്ങള്‍ നടത്തുന്നതിനെ ചില ബന്ധുക്കള്‍ എതിര്‍ത്തു. ഇത് സംബന്ധിച്ചുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയും തടയാനെത്തിയ ശ്രീജയുടെ തലക്ക് വെട്ടേല്‍ക്കുകയുമായിരുന്നു. ഇവരെ ഉടന്‍ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ അനീഷ്, പ്രതികള്‍ രക്ഷപെട്ട വാഹനം സമീപത്തെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടത് കണ്ടു. ഇതിന്റെ ചിത്രം പകര്‍ത്തുന്നതിനിടെ പ്രതികളിലൊരാള്‍ എത്തി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് അക്രമി രക്ഷപ്പെടുകയും ചെയ്തു.

വൈക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ച്‌ വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും വൈക്കം ഡി.വൈ.എസ്പി എ.ജെ തോമസ് പറഞ്ഞു.