ജി സുധാകരനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുവതി. പരാതി പിന്‍വലിച്ചുവെന്ന പൊലീസ് വാദം തെറ്റാണെന്നും തനിക്ക് മേല്‍ എന്ത് സമ്മര്‍ദമുണ്ടായാലും പരാതിയില്‍ നിന്നും പിന്‍മാറില്ലെന്നും മന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ കൂടിയായ യുവതി പറഞ്ഞു. ‘പരാതി പിന്‍വലിക്കുന്നുവെന്ന് പറയുന്നത് തെറ്റാണ്. പൊലീസ് ബോധപൂര്‍വ്വം ഉണ്ടാക്കിയ കഥയാണ്. തുടക്കത്തില്‍ പരാതി സ്വീകരിക്കാനും പൊലീസ് വിമുഖത കാണിച്ചു. പരാതി പിന്‍വലിച്ചെങ്കില്‍ അത് തന്റെ വ്യാജ ഒപ്പിട്ട ശേഷമായിരിക്കും. ഇപ്പോഴും പരാതിയില്‍ ഉറച്ച്‌ നില്‍ക്കുകയാണ്.’ യുവതി പറഞ്ഞു.

അമ്ബലപ്പുഴ പൊലീസ് പരാതിയുമായി മുന്നോട്ട് പോയില്ലെങ്കില്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും യുവതി പറഞ്ഞു.പാര്‍ട്ടി കമ്മിറ്റി ആവശ്യപ്പെട്ടാല്‍ പോലും പരാതി പിന്‍വലിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ സുധാകരനെതിരായ പരാതി പിന്‍വലിച്ചെന്നാണ് പൊലീസ് പറയുന്നത് . യുവതി പരാതിയില്‍ ഉറച്ച്‌ നില്‍ക്കുന്നില്ലെന്നും മൊഴി എടുക്കാന്‍ പോലും തയ്യാറാവുന്നില്ലെന്നുമായിരുന്നു പൊലീസ് അറിയിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുകയും വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കുകയും ചെയ്യുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചായിരുന്നു കഴിഞ്ഞദിവസം ജി സുധാകരനെതിരെ യുവതി പരാതി നല്‍കിയത്. മന്ത്രിയുടെ മുന്‍ പഴ്‌സണല്‍ സ്റ്റാഫിന്റെ ഭാര്യ കൂടിയായ പരാതിക്കാരി അമ്ബലപ്പുഴ പൊലീസിലാണ് പരാതി നല്‍കിയത്. എസ്‌എഫ്‌ഐ ആലപ്പുഴ മുന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് യുവതി.

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്നവിധം പ്രസ്താവന നടത്തിയെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. കഴിഞ്ഞ ജനുവരി 8 നു പരാതിക്കാരിയെ വിവാഹം ചെയ്തതിനു പിന്നാലെ മന്ത്രി പഴ്‌സണല്‍ സ്റ്റാഫിനെ ഒഴിവാക്കിയെന്നും പരാതി ഉയര്‍ന്നിരുന്നു. പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മുന്‍പ് വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ച പൊളിറ്റിക്കല്‍ ക്രിമിനലിസം ഇത്ര വേഗം വ്യക്തമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും താന്‍ പറഞ്ഞതെല്ലാം ലോകം മുഴുവന്‍ കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2