ചടയമംഗലം: പ്രവൃത്തി ദിനങ്ങള്‍ കുറവായതിനാല്‍ തിരക്കനുഭവപ്പെട്ട ബാങ്കില്‍ ഇടപാടിനെത്തിയവര്‍ക്ക്​ പൊലീസിന്‍റെ വക പിഴയും ചോദ്യം ചെയ്​ത പെണ്‍കുട്ടിക്ക്​ നേരെ കേസും. കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരില്‍ ക്യൂ നിന്നയാള്‍ക്ക് പെറ്റി എഴുതിയത് ​ചോദ്യം ചെയ്ത​ 18 വയസ്സുകാരിക്ക് എതിരെയാണ്​ ജോലി തടസ്സപ്പെടുത്തി എന്ന പേരില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തത്​. നിയന്ത്രിത ദിവസങ്ങളില്‍ മാത്രം പ്രവൃത്തിക്കുന്ന ബാങ്കുകളില്‍ അത്യാവശ്യ ഇടപാടിനെത്തിയവര്‍ക്കുനേരെയാണ്​ ​പൊലീസിന്‍റെ നടപടി. പൊലീസ് സ്റ്റേഷനിലെത്തി മാപ്പ് പറഞ്ഞാല്‍ കേസ് പിന്‍വലിക്കാമെന്ന് ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ വഴി അറിയിച്ചെങ്കിലും മാപ്പ് പറയില്ലെന്ന നിലപാടിലാണ്​ പെണ്‍കുട്ടി.

പ്ലസ് ടു വിദ്യാര്‍ഥിയായ ചടയമംഗലം അക്കോണം ഇടുക്കുപാറ സ്വദേശി ഗൗരിനന്ദയ്ക്ക് എതിരെയാണ് ചടയമംഗലം പൊലീസ് കേസ് എടുത്തത്. പിഴ ചുമത്തപ്പെട്ട മധ്യവയസ്​കനും​ പൊലീസും തമ്മില്‍ തര്‍ക്കമുണ്ടാകുന്നതു കണ്ട ഗൗരിനന്ദ പ്രശ്നം തിരക്കിയപ്പോള്‍ പൊലീസ് ഇവര്‍ക്കെതിരെയും പെറ്റി എഴുതി നല്‍കി. പെറ്റിക്കടലാസ്​ പൊലീസിന്‍റെ മുന്നില്‍വെച്ച്‌​ തന്നെ കീറിയെറിഞ്ഞതോടെ വാക്​പോര്​ രൂക്ഷമാവുകയായിരുന്നു. പെറ്റി എഴുത​രുതെന്ന്​ പറഞ്ഞപ്പോള്‍ അസഭ്യം വിളിച്ചെന്നും അതില്‍ പ്രതിഷേധിച്ചപ്പോള്‍ കേസ് എടുത്തെന്നും ഗൗരി യുവജന കമ്മിഷനു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പൊലീസുമായി വഴക്കിടുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ പരാതി ലഭിച്ചെന്നും കൊല്ലം റൂറല്‍ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതു ലഭിച്ച ശേഷം നടപടിയെടുക്കുമെന്നും യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോം പറഞ്ഞു.

അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോയി വരുന്നതിനിടെ എടിഎമ്മില്‍ നിന്നു പണമെടുക്കാനാണ് ഗൗരി ബാങ്കിന് സമീപത്തേക്കു വന്നത്. അതിനിടെയാണ്​ പൊലീസുമായി വാക്കുതര്‍ക്കം നടക്കുന്നത് കണ്ടത്​. കാര്യംതിരക്കിയപ്പോള്‍ അനാവശ്യമായി പെറ്റി എഴുതിയതാണെന്ന് അദ്ദേഹം പറഞ്ഞു. അപ്പോള്‍ പൊലീസുകാര്‍ തന്‍റെ പേരും മേല്‍വിലാസവും ചോദിച്ചതായും സാമൂഹിക അകലം പാലിക്കാത്തിന് പെറ്റി എഴുതിയതായും ഗൗരിനന്ദ മാധ്യമങ്ങളോട്​ പറഞ്ഞു. സംസാരിച്ചതിന്​ പെറ്റിചുമത്തുകയാണെങ്കില്‍ ഇവിടെ കൂടി നില്‍ക്കുന്ന പൊലീസുകാര്‍ക്കെതിരെയും പെറ്റി ചുമത്തണമെന്ന്​ ഗൗരി ആവശ്യപ്പെട്ടു.

അതേസമയം, പെണ്‍കുട്ടിയുമായി അനുനയത്തില്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ബഹളം വെക്കുകയായിരുന്നുവെന്ന്​ എസ് ഐ ശരലാല്‍ പറഞ്ഞു. പൊലീസിന്‍റെ കൃത്യനിര്‍വഹണം തടസ്സപെടുത്തിയതിനും പൊതുജന മധ്യത്തില്‍ അപമാനിച്ചതിനുമാണ്​ പെണ്‍കുട്ടിക്കെതിരെ കേസെടുത്തതെന്ന്​ പൊലീസ്​ പറഞ്ഞു.