കേരള രാഷ്ട്രീയത്തില്‍ കാരുണ്യത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച്
‘ഉമ്മന്‍ചാണ്ടി; നിയമസഭയിലെ അരനൂറ്റാണ്ട്’ എന്ന പേരിലുള്ള കോഫീ ടേബിള്‍ ബുക്ക് പ്രസിദ്ധീകരിക്കും. ഉമ്മന്‍ചാണ്ടി നിയമസഭാ ജീവിതത്തിന്റെ അമ്പതാണ്ടുകള്‍ പൂര്‍ത്തീകരിക്കുന്ന വേളയില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ, സാമൂഹിക, വ്യക്തി ജീവിതത്തെ അടുത്തറിഞ്ഞവര്‍ ചേര്‍ന്നൊരുക്കുന്ന കോഫി ടേബിള്‍ ബുക്ക് വീക്ഷണം പബ്ലിക്കേഷനാണ് പ്രസിദ്ധീകരിക്കുന്നത്.

ഉമ്മന്‍ചാണ്ടിയുടെ ജീവിതവും വ്യക്തിത്വവും സംഭാവനകളും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളും രസകരമായ ഓര്‍മകളും അഭിമുഖങ്ങളും അപൂര്‍വ ചിത്രങ്ങളുമാണ്
പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ
ഗാന്ധി മുതല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ -സംസ്ഥാന നേതാക്കള്‍ ഉമ്മന്‍ചാണ്ടിയെ ഈ പുസ്തകത്തില്‍ ഓര്‍ത്തെടുക്കുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജുവാര്യര്‍ തുടങ്ങിയ സിനിമാ താരങ്ങളും മലയാളത്തിലെ പ്രശസ്ത സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകരും ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ട് അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ പുസ്തകത്തില്‍ പങ്കുവെയ്ക്കുന്നു.

എംടി വാസുദേവന്‍ നായര്‍, ടി പത്മനാഭന്‍, സുഗതകുമാരി, ഡോ. എം ലീലാവതി,അടൂര്‍ ഗോപാലകൃഷ്ണന്‍, എംജിഎസ് നാരായണന്‍, പെരുമ്പടവം ശ്രീധരന്‍, സിരാധാകൃഷ്ണന്‍, സക്കറിയ, കെആര്‍ മീര, വി മധുസൂദനന്‍ നായര്‍, ഡോ. ജോർജ് ഓണക്കൂർ, കെഎല്‍ മോഹനവര്‍മ, തോമസ് ജേക്കബ്, കെ ഗോപാലകൃഷ്ണന്‍, എന്‍പി രാജേന്ദ്രന്‍, എംഎന്‍ കാരശേരി, കല്പ്പറ്റ നാരായണന്‍, ഒ. അബ്ദു റഹ്മാന്‍,യുകെ കുമാരന്‍, ഹമീന്ദ് ചേന്ദമംഗലം, പ്രൊഫ. ബി മുഹമ്മദ് അഹമ്മദ്, സിനിമാ രംഗത്ത് നിന്ന് മധു, ശ്രീനിവാസന്‍, സലിം കുമാര്‍, സിദ്ദീഖ്, സത്യന്‍ അന്തിക്കാട്, രണ്‍ജി പണിക്കര്‍, സൂര്യ കൃഷ്ണമൂര്‍ത്തി, ജയരാജ് എന്നിവരും പുസ്തകത്തിലെഴുതുന്നുണ്ട്. പത്മശ്രീ ഇ ശ്രീധരന്‍, ജി വിജയരാഘവന്‍, കെഎം ചന്ദ്രശേഖരന്‍, കെ ജയകുമാര്‍, ജിജി തോംസണ്‍, ഭരത് ഭൂഷണ്‍, ഹോര്‍മിസ് തരകന്‍, ജേക്കബ് പുന്നൂസ്, കായികതാരം പത്മശ്രീ പി.ടി ഉഷ, കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ തുടങ്ങിയവരും തങ്ങളുടെ ഓര്‍മകള്‍ പങ്കുവെയ്ക്കുന്നു.

മുന്നൂറ് പേജ് മള്‍ട്ടി കളറില്‍ പുറത്തിറങ്ങുന്ന ഈ പുസ്തകം ഒരു ജനപ്രിയ നേതാവിന്റെയും കേരളത്തിന്റെയും രാഷ്ട്രീയ ചരിത്രം മാത്രമല്ല, ഭരണഘടനാ മൂല്യങ്ങളോടും ജനാധിപത്യത്തോടുമുള്ള ആദരവ് കൂടിയാണെന്ന് കെ പി സി സി ജനറൽ സെക്രെട്ടറിയും വീക്ഷണം മാനേജിങ് ഡയറക്ടർ ചുമതലയുമുള്ള ജയ്സണ്‍ ജോസഫ് അറിയിച്ചു.
വിശദ വിവരങ്ങൾക്ക് : 9544559362, 7510888444

മുഖ വില: Rs.625
പ്രീ പബ്ലിക്കേഷൻ വില : Rs. 500

Courtsey : Veekshanam

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2