ശരത്പവാർ നിർദേശിച്ചതനുസരിച്ച് പ്രഫുൽ പട്ടേൽ ഞായറാഴ്ചകകം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു ചർച്ച നടത്താൻ ശ്രമിച്ചതാണ്. എന്നാൽ സമയം അങ്ങോട്ടേക്ക് അറിയിക്കാം എന്ന് പറഞ്ഞ് മുഖ്യമന്ത്രി ചർച്ച നീട്ടിവെക്കുകയായിരുന്നു എന്ന വാർത്തകളാണ് രാവിലെ പുറത്തുവന്നത്. ഇത് ചർച്ചകൾ വൈകിക്കാനുള്ള ഇടതുമുന്നണിയുടെ ശ്രമമാണെന്നും അപമാനം സഹിച്ച് മുന്നണിയിൽ തുടരില്ല എന്നും ഇതിനോട് പ്രതികരിച്ച രാവിലെ മാണി സി കാപ്പൻ വ്യക്തമാക്കിയിരുന്നു.

പതിറ്റാണ്ടുകളായി ഇടതുമുന്നണിയോടൊപ്പം നിൽക്കുന്ന കക്ഷിയാണ് എൻസിപി. കൂടാതെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നാമാവശേഷമായ ഇടതുമുന്നണിക്ക് സംസ്ഥാനത്തത് തിരിച്ചുവരവിനുള്ള സാഹചര്യമൊരുക്കിയത് പാലാ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ നേടിയ വിജയമാണ്. അതു കൊണ്ടു തന്നെ ജോസ് കെ മാണി ക്കുവേണ്ടി പാലാ സീറ്റ് മാണി സി കാപ്പൻ വിട്ടുകൊടുക്കണം എന്ന് ശരത് പവാറിനോട് ആവശ്യപ്പെടാനുള്ള ആർജ്ജവം മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഇല്ല. ചർച്ചകൾ വൈകിപ്പിച്ച് എൻസിപി സ്വയം മുന്നണിക്ക് പുറത്തുപോകുന്ന സാഹചര്യമാണ് അതുകൊണ്ടുതന്നെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ആഗ്രഹിക്കുന്നത്. എന്നാൽ ഇടതു മുന്നണിയുടെ രാഷ്ട്രീയ നീതികേട് വെളിച്ചത്തു കൊണ്ടുവന്നു മാത്രമേ മുന്നണി വിടുന്നതിനെകുറിച്ച് ഉള്ള പ്രഖ്യാപനം നടത്തൂ എന്ന നിലപാടിലാണ് മാണി സി കാപ്പൻ.

ജയിച്ച സീറ്റ് വിട്ടു കൊടുക്കുന്ന കീഴ്വഴക്കം ഇടതുമുന്നണിയിൽ ഇല്ല: ടി പി പീതാംബരൻ

ഒരുതവണ ജയിച്ചാൽ ആ സീറ്റ് ജയിക്കുന്ന പാർട്ടിയുടേത് ആണ്. അങ്ങനെയുള്ള സീറ്റുകൾ വിട്ടു കൊടുക്കുന്ന കീഴ്വഴക്കം ഇടതുമുന്നണിയിൽ ഇല്ല എന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ മാസ്റ്റർ. പാലാ സീറ്റ് എൻസിപിക്ക് അവകാശപ്പെട്ടതാണ്,അതിൽ തർക്കങ്ങൾ ഇല്ല, ഉഭയകക്ഷി ചർച്ചകൾ നടക്കട്ടെ എന്നും പീതാംബരൻ മാസ്റ്റർ പ്രതികരിച്ചു. എൻസിപിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രഫുൽ പട്ടേലിനെ കാണില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല എന്ന് പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി. എന്നാൽ കാണാനുള്ള സമയം അനുവദിക്കാം എന്നാണ് പറഞ്ഞിരിക്കുന്നത് എന്നും അദ്ദേഹം വിശദീകരിച്ചു.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2