കഴക്കൂട്ടം: പൊടുന്നനെ പെയ്ത മഴയില്‍ മുങ്ങി കഴക്കൂട്ടത്ത് മുഖ്യമന്ത്രി പങ്കെടുത്ത കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം. നിര്‍ത്താതെ മഴ പെയ്തതോടെ, മതിയായ വിധം പന്തലിടാത്തതിന് കടകംപള്ളിയെ വേദിയിലിരുത്തി സംഘാടകരെ മുഖ്യമന്ത്രി വിമര്‍ശിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ആദ്യഘട്ട പര്യടനത്തിന്റെ അവസാന പരിപാടിക്ക് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പുറത്താണ് തുറന്ന വേദി ഒരുക്കിയിരുന്നത്.

അവസാന പരിപാടിക്ക് തിങ്ങി നിറഞ്ഞ ആള്‍ക്കൂട്ടം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പുറത്ത് ഒരുക്കിയ തുറന്ന വേദിയിലേക്ക് 6 മണിക്ക് നിശ്ചയിച്ച പരിപാടിക്ക് പറഞ്ഞ സമയത്തിനും മുന്‍പേയെത്തി മുഖ്യമന്ത്രി. എന്നാല്‍ പ്രസംഗം തുടങ്ങി മിനിട്ടുകള്‍ക്കകം രംഗം മാറി. ചിരിയോടെയാണെങ്കിലും സംഘാടകര്‍ക്ക് വേദിയില്‍ വെച്ചുതന്നെ ചൂടുള്ള വിമര്‍ശനം. അതും സ്ഥാനാര്‍ത്ഥി കടകംപള്ളി വേദിയിലിരിക്കെ.

തൊപ്പിയെടുത്ത് വെച്ചും, കുടചൂടിയും പ്രസംഗം തുടരാന്‍ ശ്രമിച്ചെങ്കിലും തുറന്ന വേദി ഇതിന് തടസമായി. മുന്നില്‍ നിന്ന ആള്‍ക്കൂട്ടം കസേരകളെടുത്ത് ചൂടി നില്‍ക്കവെ സംഘാടകര്‍ക്ക് നേരെ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. സ്ഥാനാര്‍ത്ഥിയായ കടകംപ്പള്ളി പ്രസംഗിക്കുന്നതിന് മുന്‍പേ മഴയത്ത് തന്നെ മുഖ്യമന്ത്രി വേദി വിടുകയും ചെയ്തു. വലിയ ആള്‍ക്കൂട്ടമാണ് പരിപാടിക്ക് എത്തിയതെങ്കിലും മഴയില്‍ യോഗം പൂര്‍ത്തിയാക്കാനാകാതെ മടങ്ങി. പരിപാടിക്കെത്തിയവരെല്ലാം മഴയില്‍ നനഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2