യുഡിഎഫ് എൽഡിഎഫ് മുന്നണികൾക്ക് പാലാ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകൾ അതിൽ നിർണായകമാണ്. ഇരുപക്ഷവും വിശ്വാസ സമൂഹത പിന്തുണ അവകാശപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രൂപത പ്രസിദ്ധീകരണമായ ദീപനാളത്തിൽ പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിക്കുന്ന ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഓൺലൈൻ എഡിഷനിലാണ് ലേഖനം പ്രത്യക്ഷപ്പെട്ടത്. കെ എം മാണിയെ കേസിൽ പെടുത്തിയത് രമേശ് ചെന്നിത്തല ആണെന്ന് ഉയർത്തുന്ന ലേഖനമാണ് ഓൺലൈൻ എഡിഷനിൽ പ്രത്യക്ഷപ്പെട്ടത്.

ഈ ലേഖനം വ്യാപകമായ രാഷ്ട്രീയ പ്രചാരണത്തിന് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഉപയോഗിച്ചിരുന്നു. സഭയുടെ പിന്തുണ തങ്ങൾക്കാണ് എന്ന് അവകാശപ്പെട്ടായിരുന്നു വ്യാജപ്രചരണം. ഇത് സഭാനേതൃത്വത്തിൻറെ അറിവോടെ സംഭവിച്ച കാര്യമല്ല. പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിഷയത്തിൽ തൻറെ ശക്തമായ അതൃപ്തി കഴിഞ്ഞദിവസങ്ങളിൽ പങ്കു വെച്ചിരുന്നു. ജനാധിപത്യ രാഷ്ട്രീയ തിരഞ്ഞെടുപ്പിലേക്ക് സഭയെ വലിച്ചിഴച്ച, സഭയുടെ പേര് രാഷ്ട്രീയമായ വ്യാജ പ്രചരണത്തിന് ഉപയോഗിച്ചതിൽ സഭാനേതൃത്വത്തിന് ശക്തമായ പ്രതിഷേധം ഉണ്ട്.

ജോസ് കെ മാണിയുടെ വിശ്വസ്തനും, ജോസ് വിഭാഗം കേരള കോൺഗ്രസ് മുഖപത്രമായ പ്രതിച്ഛായയുടെ പത്രാധിപരുമായ കുര്യാസ് കുമ്പളക്കുഴി ആണ് വിവാദ ലേഖനം എഴുതിയത്. സ്വതന്ത്രമായ ലേഖനങ്ങൾ ദീപനാളത്തിൽ സ്വീകരിക്കാറുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് വേളയിൽ പക്ഷപാതപരമായ ഒരു രാഷ്ട്രീയ ലേഖനം, പ്രത്യേകിച്ചും ഇടതുപക്ഷത്തിന് അനുകൂലമായി രൂപത പ്രസിദ്ധീകരണത്തിൽ തിരുകി കയറ്റിയത് ദുരുദ്ദേശപരം ആണെന്ന തിരിച്ചറിവും രൂപതയ്ക്ക് ഉണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻറെ ലേഖനങ്ങൾക്ക് വിലക്കേർപ്പെടുത്താൻ ആണ് തീരുമാനമെന്നറിയുന്നു. കോൺഗ്രസ് ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളോട് തങ്ങൾക്ക് വിഷയത്തിൽ പങ്കില്ല എന്നത് രൂപത അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2