തിരുവനന്തപുരം: മലങ്കര സഭാ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സുകാര്‍ ഇടതു പക്ഷത്തിനൊപ്പമില്ല. യാക്കോബയക്കാര്‍ പിണറായി സര്‍ക്കാരില്‍ വിശ്വാസം കാട്ടി. പള്ളികള്‍ എല്ലാം കിട്ടുമെന്ന പ്രതീക്ഷയും വച്ചു. എന്നാല്‍ ഈ മനസ്സ് യാക്കോബയക്കാര്‍ക്കിടയിലും മാറുകയാണ്. സംസ്ഥാന സര്‍ക്കാരില്‍ വിശ്വാസം അവര്‍ക്കും കുറയുന്നു. പ്രധാനമന്ത്രി മോദി നടത്തുന്ന ഇടപെടലിനൊപ്പം യുഡിഎഫിന് മേല്‍കോയ്മ കിട്ടുന്നുണ്ടോ എന്ന സംശയവും യാക്കോബായക്കാര്‍ക്കുണ്ട്.

യാക്കോബയക്കാരുടെ സ്വന്തം പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം. അനൂപ് ജേക്കബിനെ ഇടതുപക്ഷത്ത് എത്തിക്കാന്‍ പോലും സഭയിലെ ചിലര്‍ നീക്കം നടത്തി. എന്നാല്‍ ഇന്ന് കഥമാറുകയാണ്. പതിയെ യുഡിഎഫുമായി അടുക്കുകയാണ് അവര്‍. ഭരണം യുഡിഎഫിന് കിട്ടും എന്ന പ്രതീതി കൈവരുന്ന സാഹചര്യത്തിലാണ് ഇത്. പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്ര വലിയ വിജയമാണെന്ന് അവര്‍ വിലയിരുത്തുന്നു. ഇതോടെ ക്രൈസ്തവ വോട്ട് ബാങ്ക് ചതിക്കില്ലെന്ന് യുഡിഎഫും വിലയിരുത്തുന്നു.

യാക്കോബായ സഭയിലെ ഇടതു ലോബി അനുനിമിഷം ദുര്‍ബലമാകുന്നുവെന്നതാണ് വസ്തുത. പിണറായിയുടെ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞ് യുഡിഎഫിനെ പിന്തുണക്കുന്നവരുടെ എണ്ണം കൂടുകയാണ്. യാക്കോബായ മെത്രാന്മാരുടെ നിലപാടുകളിലും അയവ് വരുന്നു. ഇതോടെയാണ് മധ്യ കേരളത്തില്‍ ക്രൈസ്തവര്‍ ചതിക്കില്ലെന്ന വികാരം കോണ്‍ഗ്രസിന് കൈവരുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യാക്കോബായ സഭ പരസ്യമായി ഇടതുമുന്നണിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. കോട്ടയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇടതുമുന്നണിക്കു നേട്ടം സമ്മാനിച്ചതിനുപിന്നിലും മറ്റൊന്നായിരുന്നില്ല. സഭാ തര്‍ക്കത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന ഇടതു സര്‍ക്കാരിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ചായിരുന്നു ഈ ഇടതുചായ്വ്. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്ബ് നിയമനിര്‍മ്മാണത്തിനു സര്‍ക്കാര്‍ തയാറാകില്ലെന്നു വ്യക്തമായതോടെ ഒരു മുന്നണിയോടും അയിത്തം വേണ്ടെന്നും സഭയെ സഹായിക്കുന്നവരെ തിരിച്ചു സഹായിക്കാനും യാക്കോബായ സഭ നിലപാടു സ്വീകരിച്ചു. അന്തിമ തീരുമാനം കൈക്കൊള്ളാനുള്ള ചുമതല പള്ളിപ്രതിപുരുഷ യോഗത്തിനു നല്‍കാന്‍ കൊച്ചിയില്‍ ചേര്‍ന്ന സഭാ വര്‍ക്കിങ് കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്.

പള്ളി തര്‍ക്കത്തില്‍ നിയമനിര്‍മ്മാണത്തിന് തയ്യാറാണെന്ന് പിണറായി പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഇരട്ടത്താപ്പാണെന്ന് യാക്കോബയക്കാര്‍ ഇപ്പോള്‍ പറയുന്നു. പ്രശ്‌നം നീട്ടിക്കൊണ്ടു പോയി വോട്ട് നേടാനാണ് ശ്രമമെന്നും അവര്‍ തിരിച്ചറിയുന്നു. ഇതോടെയാണ് പതിയെ ഇടതുപക്ഷത്തു നിന്ന് അവര്‍ അകലുന്നത്. യാക്കോബായ സഭ സര്‍ക്കാരിലര്‍പ്പിച്ച വിശ്വാസത്തിനും പ്രതീക്ഷയ്ക്കും മങ്ങലേല്‍ക്കുന്നതായി അനുഭവപ്പെടുന്നെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് സഭയുടെ സഹനസമര സമിതി ജനറല്‍ കണ്‍വീനറും മുംബൈ ഭദ്രാസനാധിപനുമായ തോമസ് മാര്‍ അലക്സന്ത്രയോസ് മെത്രാപ്പൊലീത്ത പ്രതികരിക്കുന്നു.

സഭ സെക്രട്ടേറിയറ്റിനുമുമ്ബില്‍ നടത്തിവരുന്ന അവകാശസംരക്ഷണ സമരത്തിന്റെ 49-ാം ദിവസത്തെയും നിരാഹാര റിലേ സത്യാഗ്രഹത്തിന്റെ 11-ാം ദിവസത്തെയും സമരപരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയുടെ സഹനസമരങ്ങള്‍ക്കുനേരേ മുഖംതിരിക്കുന്നതും ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കാത്തതും സമരത്തീച്ചൂളകളിലൂടെ വളര്‍ന്നുവന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നേതൃത്വം നല്‍കുന്ന ജനാധിപത്യ സര്‍ക്കാരിനു ഭൂഷണമല്ലെന്ന് അധ്യക്ഷതവഹിച്ച സമരസമിതി ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ ഐപ്പ് പറഞ്ഞു. ഇതും ഇടതിനെതിരായ പ്രത്യക്ഷ ആക്രമണമാണ്.

വെള്ളിയാഴ്ച രണ്ടിന് തിരുവനന്തപുരം സെയ്ന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ കൂടുന്ന സഭാ സമിതികളുടെ സംയുക്തയോഗം തുടര്‍സമരപരിപാടികള്‍ക്കും രാഷ്ട്രീയ നിലപാടുകള്‍ക്കും അന്തിമരൂപംനല്‍കും. ഇത് ഇടതുപക്ഷത്തിന് പൂര്‍ണ്ണമായും അനുകൂലമാകില്ല. ഇത് യുഡിഎഫും അനുകൂലമാക്കാന്‍ ശ്രമിക്കും. യാക്കോബയ സഭ മുമ്ബോട്ട് വയ്ക്കുന്നവര്‍ക്ക് മത്സരിക്കാനും അവസരം നല്‍കും. അങ്ങനെ ഈ വിഭാഗത്തിന്റെ പിണക്കം മാറ്റും. അപ്പോഴും കത്തോലിക്കാ സഭയുടെ മുസ്ലിം ലീഗ് വിരുദ്ധ രാഷ്ട്രീയം യുഡിഎഫിന് തലവേദനയാണ്. ഇത് പരിഹരിക്കാനും ഇടപെടലുണ്ടാകും.

യാക്കോബായ സഭയ്ക്ക് ഒരു രാഷ്ട്രീയമുന്നണിയോടും പ്രത്യേക അയിത്തമില്ലെന്ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ചേര്‍ന്ന സഭാ വര്‍ക്കിങ് കമ്മിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്താനും സഭയുടെ രാഷ്ട്രീയനിലപാടുകള്‍ സുന്നഹദോസില്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കാനും തീരുമാനിച്ചു. 2017 ജൂലായ് 3-ലെ സുപ്രീംകോടതി വിധിയില്‍ പറഞ്ഞിട്ടുള്ള നിയമനിര്‍മ്മാണം വൈകുന്നതിലുള്ള ഉത്കണ്ഠ സഭാ വര്‍ക്കിങ് കമ്മിറ്റി രേഖപ്പെടുത്തിയിരുന്നു.

സഭയ്ക്ക് നീതി നിഷേധിക്കപ്പെട്ടതായി ദേശീയതലത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ തെളിവാണ് സഭാതര്‍ക്കം പരിഹരിക്കാന്‍ പ്രധാനമന്ത്രി ഇടപെട്ടത്. ഒരു മുന്നണിയില്‍നിന്നുമുള്ള പ്രതീക്ഷ സഭ കൈവിട്ടിട്ടില്ല. നിര്‍ബന്ധിതരാകുന്ന സാഹചര്യത്തില്‍ ഏതെങ്കിലും മുന്നണിയുമായി കൂട്ടുചേര്‍ന്ന് രാഷ്ട്രീയനിലപാടെടുക്കും. മുപ്പതോളം മണ്ഡലങ്ങളില്‍ സഭയ്ക്ക് ശക്തമായ സ്വാധീനമുണ്ട്. ഇക്കാര്യത്തില്‍ ഒരു മുന്നണിയോടും വിവേചനം കാണിക്കില്ലെന്നും യാക്കോബയ സഭ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.

കത്തോലിക്കർക്കിടയിലും യുഡിഎഫ് അനുഭാവം തിരികെ വരുന്നു:

മുസ്‌ലിംലീഗിനെ മുൻനിർത്തി ലൗജിഹാദ് ഉൾപ്പടെയുള്ള വിഷയങ്ങൾ ഉയർത്തി കാട്ടി കത്തോലിക്കർക്ക് ഇടയിൽ വ്യാപക പ്രചരണം ആണ് യുഡിഎഫിനെതിരെ നടന്നത്. ജോസ് കെ മാണിയുടെ ഇടതു പ്രദേശം ഔദ്യോഗികമായതോടു കൂടി ഈ വികാരം ആളിക്കത്തിക്കാൻ കേരള കോൺഗ്രസ് സൈബർ പോരാളികളും ശ്രമിച്ചു. എന്നാൽ വിവിധ സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന രീതിയിലുള്ള ഈ പ്രചരണങ്ങൾ സഭാനേതൃത്വത്തിന് അസ്വസ്ഥതയുണ്ടാക്കുന്നു. മതേതര മൂല്യങ്ങളെ എന്നും ഉയർത്തിപ്പിടിച്ചിരുന്ന കത്തോലിക്ക സമുദായത്തിലെ പുരോഹിത പ്രമുഖരും അല്മായ പ്രമുഖരും മുസ്ലിം സമുദായവുമായി ഭിന്നിപ്പുണ്ടാക്കാൻ ഉള്ള സംഘപരിവാർ സിപിഎം ശ്രമം തിരിച്ചറിഞ്ഞിട്ടുണ്ട്. പച്ചയായ വർഗീയത പറഞ്ഞുള്ള രാഷ്ട്രീയ പ്രചരണതോട് വിശ്വാസ സമൂഹത്തിനും യോജിപ്പില്ല. പ്രകോപനപരമായ ഇത്തരം പ്രചാരണങ്ങൾ ഉണ്ടാക്കാവുന്ന സാമൂഹ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ്യമുള്ള സഭാനേതൃത്വം ഈ തരത്തിലുള്ള പ്രചരണങ്ങളെ തിരസ്കരിക്കുകയാണ്. അതുകൊണ്ടുതന്നെ കത്തോലിക്കാ സമുദായങ്ങളുടെ പിന്തുണയും യുഡിഎഫിലേക്ക് തിരികെ എത്തിയിരിക്കുന്നു എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നിരീക്ഷിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2