തൃശൂര്‍: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രൈസ്തവ സഭകള്‍. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്നതിനു പകരം യഥേഷ്ടം ലഭ്യമാക്കുന്ന നിലപാട് സമൂഹത്തിന് നല്ലതല്ലെന്നും മദ്യപാനം കുറയ്ക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്വമാണെന്നും മതമേലദ്ധ്യക്ഷന്മാര്‍ വ്യക്തമാക്കി.

മദ്യനയത്തില്‍ സര്‍ക്കാരിനെ പരസ്യമായി തിരുത്താനും ക്രൈസ്തവ സഭകള്‍ തയ്യാറാവുകയാണ്. മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കുന്ന ഒരു നിലപാടിനെയും അംഗീകരിക്കാനാവില്ലെന്നും മദ്യപിക്കുന്ന സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാനും പിന്തുണയ്ക്കാനും സാധിക്കില്ലെന്ന് മതമേലദ്ധ്യക്ഷന്മാര്‍ വ്യക്തമാക്കി.

രാഷ്ട്രീയ വിഷയങ്ങള്‍ക്ക് പുറമെയുള്ള ആശയപ്രചാരണ വേദി കൂടിയാണ് തെരഞ്ഞെടുപ്പുകള്‍ എന്നിരിക്കെ സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ ക്രൈസ്തവ സഭകള്‍ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് വ്യക്തം. മദ്യവര്‍ജ്ജനത്തിന്റെ മാതൃക കാട്ടുന്നതിന് സ്ഥാനാര്‍ത്ഥികള്‍ മുന്നോട്ടു വരണമെന്ന് പൗരസ്ത്യ കല്‍ദായ സുറിയാനി സഭ അദ്ധ്യക്ഷന്‍ ഡോ. മാര്‍ അപ്രേം ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2