തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആമേരിക്കയിലായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ടിരുന്നു എന്ന ആരോപണവുമായി ബി ജെ പി.

ബിജെപി നേതാവ് സന്ദീപ് വാര്യരാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിത്സയിലിരിക്കെ ഒരു ഫയലിൽ മുഖ്യമന്ത്രിയുടെ കൈയൊപ്പിട്ടത് സ്വപ്ന സുരേഷാണോ ശിവശങ്കറാണോ എന്നും സന്ദീപ് വാര്യർ ചോദിച്ചു.

 

‘2018-ൽ സെപ്തംബർ രണ്ടാം തിയതിയാണ് ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. തിരിച്ച് വരുന്നത് സെപ്തംബർ 23-നാണ്. സെപ്തംബർ മൂന്നിന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഒരു ഫയൽ എത്തുന്നു. മലായാള ഭാഷ ദിനാഘോഷവുമായി ബന്ധപ്പെട്ട് പൊതുഭരണവിഭാഗത്തിൽ നിന്നുള്ള ഒരു സാധാരണ ഫയലാണ് അത്. സെപ്തംബർ ഒമ്പതിനാണ് മുഖ്യമന്ത്രി ഈ ഫയലിൽ ഒപ്പുവെച്ചിരിക്കുന്നത്. എന്നാൽ ഈ സമയം മുഖ്യമന്ത്രി സംസ്ഥാനത്തോ രാജ്യത്തോ പോലും ഇല്ല. മുഖ്യമന്ത്രി മയോ ക്ലിനിക്കിൽ ചികിത്സയിൽ കഴിയുന്ന സമയത്താണ് ഈ ഫയലിൽ ഒപ്പുവെച്ചിരിക്കുന്നത്. ഇത് ഡിജിറ്റൽ സിഗ്നേച്ചറല്ല’ – സന്ദീപ് വാര്യർ പറഞ്ഞു.

ഈ ഫയലിൽ ഒപ്പുവെച്ചത് ശിവശങ്കറോ സ്വപ്ന സുരേഷോ ആണോ? മുഖ്യമന്ത്രിയുടെ ഓഫീസിൽ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിടുന്ന ആൾ ഉണ്ടോ?, അങ്ങനെ കള്ളയൊപ്പിടാൻ ഒരാളെ പാർട്ടിയറിഞ്ഞ് നിയോഗിച്ചിട്ടുണ്ടോ?, ഒപ്പിടാൻ വേണ്ടി ഏതെങ്കിലും കൺസൾട്ടൻസിക്ക് കരാർ കൊടുത്തിട്ടുണ്ടോ… ഇക്കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കണം. വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണിതെന്നും ബിജെപി നേതാവ് പറഞ്ഞു.

മുൻ മുഖ്യമന്ത്രിമാർ ഇത്തരത്തിലുള്ള യാത്രകളിൽ ആയിരിക്കുമ്പോൾ, മുഖ്യമന്ത്രിയുടെ അറിവോടുകൂടി എന്നെഴുതി ചീഫ് സെക്രട്ടറിയാണ് ഫയലുകളിൽ ഒപ്പുവെച്ചിരുന്നതെന്ന് മനസ്സിലാക്കാനായി. അതാണ് കീഴ് വഴക്കം.

ഇതോടെ  കഴിഞ്ഞ നാലര വർഷക്കാലം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പോയ ഫയലുകൾ മുഴുവൻ പരിശോധിക്കണമെന്നും സന്ദീപ്  ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2