തലശേരി: മമ്പറത്ത് വെട്ടിമാറ്റിയ മുഖ്യമന്ത്രിയുടെ പൂര്‍ണകായ രൂപത്തിന്റെ കട്ടൗട്ടിന്റെ തല കണ്ടെത്തി.ഇതിനോടൊപ്പം നാല് ബോംബുകളും ബോംബുനിര്‍മ്മാണസാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്. മമ്പറം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് പുറക് വശത്തെ റോഡരികിലെ ചതുപ്പ് നിലത്താണ് ഇവ ഒളിപ്പിച്ചു വെച്ച നിലയില്‍ കണ്ടെത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കുന്ന ദിവസം പുലര്‍ച്ചെയാണ് മമ്പറം പുതിയ പാലത്തിനടുത്ത് വെച്ച്‌ മുഖ്യമന്ത്രിയും ധര്‍മ്മടം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല ഭാഗം വെട്ടിമാറ്റിയത്. സംഭവത്തില്‍ സിപിഎം മമ്പറം ലോക്കല്‍ കമ്മിറ്റി നല്‍കിയ പരാതിയെ തുടര്‍ന്ന് പിണറായി പൊലിസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
വ്യാഴാഴ്‌ച്ച പുലര്‍ച്ചെ പൊലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പൊലിസ് റെയ്ഡ് നടത്തിയത്. അതേസമയം സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് പ്രദേശം സന്ദര്‍ശിച്ച സിപിഎം കണ്ണുര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ ആരോപിച്ചിരുന്നു.
അതേസമയം, ധർമ്മടം മണ്ഡലത്തിലെ മമ്പറത്ത് മുഖ്യമന്ത്രിയുടെ കട്ടൗട്ട് വെട്ടിമാറ്റിയ സംഭവത്തിൽ പാർട്ടി പ്രവർത്തകർക്ക് ബന്ധമില്ലെന്ന് ബി ജെ പി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ കെ വിനോദ് കുമാർ അറിയിച്ചു. ബൈക്ക് റാലി നിരോധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ലംഘിച്ചു കൊണ്ട് പ്രചരണം നടത്തിയത് മുഖ്യമന്ത്രിയാണ്.
നൂറിലധികം ബി ജെ പിയുടെ പ്രചരണ ബോർഡുകൾ സി പി എമ്മുകാർ നശിപ്പിച്ചു. എന്നിട്ടും, പ്രവർത്തകർ ആത്മസംയമനം പാലിച്ചു കൊണ്ടാണ് മണ്ഡലത്തിൽ പ്രവർത്തനം നടത്തുന്നത്. കട്ടൗട്ട് മുറിച്ചു മാറ്റിയ സംഭവത്തിൽ ബി ജെ പിക്ക് പങ്കില്ല എന്നും കെ കെ വിനോദ് കുമാർ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2