തിരുവനന്തപുരം: പാര്‍ട്ടി പറഞ്ഞാലും ഇനി മത്സരിക്കാനില്ലെന്ന് പറഞ്ഞ മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജനെ കമ്മ്യൂണിസ്റ്റ് സംഘടനാ തത്വങ്ങള്‍ ഓര്‍മ്മിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. നേതാക്കള്‍ക്ക് വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകും. ആ അഭിപ്രായങ്ങള്‍ മാനിക്കാറുമുണ്ട്. പക്ഷേ അവസാന തീരുമാനമെടുക്കുക പാര്‍ട്ടിയാണെന്ന് പിണറായി പറഞ്ഞു.

ഒരുമാസം മുമ്ബ് വരെ പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടതെന്ന പറഞ്ഞ ഇപി ജയരാജന്‍ പെട്ടെന്ന് വ്യക്തിപരമായി കാര്യങ്ങളെടുത്തോടെയാണ് നേതൃത്വത്തോടുള്ള നീരസം മറനീക്കി പുറത്ത് വന്നത്. ഇനി ഞാനൊരു മത്സരത്തിനുണ്ടാകില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഇപി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രഖ്യാപിച്ചത്.

ഇപിയുടെ പ്രഖ്യാപനം പാര്‍ട്ടി അണികളെയും നേതാക്കളെയും ഞെട്ടിച്ചു. കെകെ ശൈലജക്ക് മട്ടന്നൂര്‍ വിട്ടുനല്‍കേണ്ടി വരുമെന്ന നിര്‍ദ്ദേശം വന്നതോടെയാണ് മത്സരിക്കാനില്ലെന്ന് ആദ്യം ഇപി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ വ്യക്തമാക്കുന്നത്. ഇപിയുടെ പ്രതിഷേധത്തിന് പിന്നാലെ രണ്ട് ടേം വ്യവസ്ഥയും സിപിഎം നടപ്പിലാക്കി.

നിര്‍ണ്ണായക തെരഞ്ഞെടുപ്പ് സമയത്തെ പ്രഖ്യാപനത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അതൃപ്തിയുണ്ടെന്നാണ് വിലയിരുത്തല്‍. ഇപിയെ പോലെ മുതിര്‍ന്ന കേന്ദ്രകമ്മിറ്റിയംഗം പാര്‍ട്ടി അച്ചടക്കം മറികടന്ന് വ്യക്തിപരമായ തീരുമാനങ്ങള്‍ പരസ്യമായി പറയുന്നത് തെറ്റായ കീഴ്വഴക്കുണ്ടാക്കുമെന്ന് നേതൃത്വം വിലയിരുത്തുന്നു. മലബാറിന് പുറത്തെക്ക് ഇപി പ്രചാരണത്തിനിറങ്ങാത്തും പാര്‍ട്ടി അണികള്‍ക്കിടയില്‍ ചര്‍ച്ചയാണ്. എന്നാല്‍ അതേ സമയം ഇപിയുടെ പ്രസ്താവന പാര്‍ട്ടി ചര്‍ച്ചചെയ്തിട്ടില്ലെന്നായിരുന്നു പിബി അംഗം എസ്.രാമചന്ദ്രന്‍ പിള്ളയുടെ പ്രതികരണം.

കൊടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞപ്പോൾ ഇ പി ജയരാജനെ പരിഗണിക്കാതിരുന്നത് അദ്ദേഹത്തിന് വലിയ നീരസം ഉണ്ടാക്കിയ വിഷയമാണ്. തുടർന്ന് തൻറെ മണ്ഡലം കെ കെ ശൈലജക്ക് വേണ്ടി വിട്ടു നൽകേണ്ടി വരുന്നതും തന്നെ ഒതുക്കാനുള്ള നീക്കത്തിന് ഭാഗമാണ് എന്ന് അദ്ദേഹം സംശയിക്കുന്നുണ്ട്. ഇനിയും പാർട്ടിക്കുള്ളിലെ ഒതുക്കലിന് നിന്ന് കൊടുക്കാനാവില്ല എന്ന തീരുമാനത്തിന് ഭാഗമായിട്ടാണ് ഇ പിയുടെ ഇപ്പോഴത്തെ നീക്കം എന്നാണ് അറിയുന്നത്. പി ജയരാജനും ഇ പി ജയരാജനും ഇടഞ്ഞുനിൽക്കുന്ന കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയന് കാര്യങ്ങൾ എളുപ്പമാകില്ല എന്ന് തന്നെയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2