തിരുവനന്തപുരം: ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞതു പോലെയാണ് മയക്കുമരുന്ന് ഇടപാടില്‍ അനൂപിന് പങ്കുണ്ടെന്ന് തനിക്കറിയില്ലെന്ന് ബിനീഷ് കോടിയേരി പറയുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്തിനും സംസ്ഥാന സെക്രട്ടറിയുടെ ഓഫീസ് മയക്കുമരുന്നിനും ഒത്താശ ചെയ്യുകയാണ്. സ്വര്‍ണക്കടത്ത് കേസും മയക്കുമരുന്ന് കേസും തമ്മില്‍ ബന്ധമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

കേരള പൊലീസിന് ഇതിനെപ്പറ്റിയൊന്നും അന്വേഷിക്കാന്‍ താത്പര്യമില്ല. സംഭവത്തെ മുഖ്യമന്ത്രി നിസാരവത്കരിക്കുകയാണ്. ബിനീഷ് കോടിയേരിയുടെ ബന്ധം അന്വേഷിക്കണം.ഭരണത്തിന്റെ തണലില്‍  ഇടപാടുകള്‍ നടക്കുന്നത് കൊണ്ടാണ് പൊലീസ് കണ്ണടയ്ക്കുന്നത്. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

ഈ സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ജോലി സ്വര്‍ണക്കടത്തും മയക്കുമരുന്ന് വിപണനവുമാണ്. പ്രതികളെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്താത്തതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ നൂറ് ദിന പദ്ധതി പതിവ് തട്ടിപ്പാണ്. ഇതില്‍ പലതും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതിയാണ്. ചിലത് 500 ദിവസമായാലും തീരാത്ത പദ്ധതികളാണ്. കൊവിഡിനെ നേരിടാന്‍ പ്രഖ്യാപിച്ച 20,000 കോടിയുടെ പദ്ധതികളില്‍ പകുതിയും നടന്നുകണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓഖി പാക്കേജ്, കുട്ടനാട് പാക്കേജ്, ഇടുക്കി-വയനാട് പാക്കേജുകള്‍ എന്നിവയ്ക്കൊന്നും ഒരു രൂപ പോലും ഇതുവരെ ചെലവാക്കിയിട്ടില്ല. നിരവധി തസ്തികകള്‍ നഷ്‌ടപ്പെടുത്തിയ സര്‍ക്കാരാണിത്. കൊവിഡ് പരിശോധനകള്‍ പറഞ്ഞതല്ലാതെ ഇതുവരെ വര്‍ദ്ധിപ്പിച്ചിട്ടില്ല. ആദിവാസികള്‍ക്ക് ഒരു തുണ്ട് ഭൂമി പോലും സര്‍‌ക്കാര്‍ നല്‍കിയിട്ടില്ല. ലൈഫ് പദ്ധതിയില്‍ ഏറ്റവും കുറച്ച്‌ വീടുകള്‍ വച്ച്‌ കൊടുത്തത് പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്ക് ആണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

വെഞ്ഞാറമൂട് ഇരട്ടകൊലപാതകത്തില്‍ അനാവശ്യമായി അടൂര്‍ പ്രകാശിന്റെ പേര് വലിച്ചിഴക്കുകയാണ്. രാഷ്ട്രീയ ഗൂഢാലോചനയാണ് അടൂര്‍ പ്രകാശിനെതിരെ നടക്കുന്നത്. ജനങ്ങള്‍ക്ക് അടൂര്‍ പ്രകാശിനെ അറിയാമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2