ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി എം വി ഗോപകുമാർ എന്ന കരുത്തനായ നേതാവ് രംഗത്ത് വന്നതോടെ കോൺഗ്രസ് എൽഡിഎഫുമായി ഒത്തുകളിച്ച് വോട്ട് മറിക്കുന്നതായി ആരോപണം. കോൺഗ്രസിൽ നിന്നുകൊണ്ട് ചിലർ എൽഡിഎഫിന് വോട്ട് മറിച്ചുവെന്ന വിവരങ്ങൾ ലഭിച്ചതോടെ അവലോകന യോഗത്തിൽ മുതിർന്ന നേതാക്കൾക്കെതിരെ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി എം മുരളി പൊട്ടിത്തെറിച്ചുവെന്നാണ് വിവരം.
ബിജെപി സ്ഥാനാർത്ഥിയായി രംഗത്തിറങ്ങിയ എം വി ഗോപകുമാറിന്റെ ജനപിന്തുണ പതിന്മടങ്ങ് വർദ്ധിച്ചതോടെയാണ് കോൺഗ്രസും എൽഡിഎഫും തമ്മിലുള്ള ഒത്തുകളി ആരംഭിച്ചത്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണത്തിൽ നേതാക്കൾ സജീവമായി എത്തിയിരുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കോൺഗ്രസ് ഭാരവാഹികളുൾപ്പെടെയുള്ള നേതാക്കൾ എൽഡിഎഫിനു വോട്ട് മറിക്കുന്നുവെന്ന വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് യുഡിഎഫ് സ്ഥാനാർഥി മുരളി പറയുന്നത്. പലരും കൂടെ നിന്ന് ഒറ്റുകയാണെന്നും അദ്ദേഹം പറയുന്നു. ഒരു വേളയിൽ പ്രചാരണത്തിൽ നിന്ന് പിന്മാറാൻ പോലും അദ്ദേഹം തീരുമാനിച്ചിരുന്നുവെന്നാണ് വിവരം.
വളരെ കുറച്ച് നേതാക്കാൾ മാത്രമായിരുന്നു കോൺഗ്രസ് അവലോകയോഗത്തിൽ പങ്കെടുത്തത്. മഴ ആയതിനാൽ എത്തിച്ചേരാൻ സാധിച്ചില്ല എന്നായിരുന്നു മുരളിയുടെ വിമർശനത്തിനെതിരെ നേതാക്കളുടെ വാദം. യുഡിഎഫ് – എൽഡിഎഫ് ഒത്തുകളിയുടെ രാഷ്ട്രീയം ചെങ്ങന്നൂരിൽ അരങ്ങേറുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണിതെന്നാണ് ബിജെപി ആരോപിക്കുന്നത്.
പ്രചാരണത്തിൽ ഇടതു വലതു മുന്നണികളെ പിന്നിലാക്കിയുള്ള ബിജെപിയുടെ മുന്നേറ്റം ഇരുമുന്നണികളേയും ആശങ്കയിലാക്കിയിരിക്കുകയാണ്. ചെങ്ങന്നൂർ മണ്ഡലം സജി ചെറിയാനിൽ നിന്നും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി പ്രയാണം തുടരുമ്പോൾ അത് സിപിഎമ്മിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
ചെങ്ങന്നൂരിലെ മുളക്കുഴ പെരിങ്ങാലയും മോദിക്കൊപ്പം അണിചേരുന്നു എന്ന് ബിജെപി നേതാക്കൾ പറയുന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. നിരവധി കുടുംബങ്ങളാണ് കഴിഞ്ഞ മേഖലയിൽ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് ഏറെ നിർണായകമാകുമെന്നാണ് ബിജെപി വിലയിരുത്തുന്നത്.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സിറ്റിംഗ് സീറ്റ് കൈവിട്ടുപോകുമോ എന്ന ആശങ്കയിലാണ് നേതാക്കൾ. കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ ബിജെപി നടത്തിയ മുന്നേറ്റവും സ്ഥാനാർത്ഥിയായി ബിജെപി ജില്ലാ അദ്ധ്യക്ഷൻ തന്നെ രംഗത്ത് ഇറങ്ങിയതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ബിജെപിയുടെ വിജയ പ്രതീക്ഷയുള്ള മണ്ഡലമായി ചെങ്ങന്നൂർ മാറുമ്പോൾ അത് ശബരിമലയിലെ ആചാര സംരക്ഷണത്തിലടക്കം പാർട്ടി സ്വീകരിച്ച നിലപാടുകളുടെ വിജയം കൂടിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2