കണ്ണൂര്‍: എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയെടുക്കാന്‍ ശ്രമം. പയ്യന്നൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ടി ഐ മധുസൂദനന്റെ പേരിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. ഫ്രണ്ട് റിക്വസ്റ്റ് അയച്ചതിനു ശേഷമാണ് പലര്‍ക്കും വ്യാജ അക്കൗണ്ടില്‍ നിന്ന് പണം ആവശ്യപ്പെട്ടുള്ള സന്ദേശം നല്‍കിയത്. സന്ദേശം ലഭിച്ചപ്പോള്‍ സംശയം തോന്നിയ ചില സുഹൃത്തുക്കള്‍ നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് ശ്രമം പുറത്തായത്.

സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ടി ഐ മധുസൂദനന്‍ പരാതി നല്‍കിയിട്ടുണ്ട്. പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുടുംബാംഗങ്ങളുടെ സുഖവിവരം അന്വേഷിച്ചുള്ള സന്ദേശങ്ങളാണ് ആദ്യം വ്യാജ അക്കൗണ്ടില്‍ നിന്ന് വന്നത്. അതിനു ശേഷമാണ് പണം ആവശ്യപ്പെട്ടുള്ള സന്ദേശം. ‘പണം ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിച്ചപ്പോള്‍ പലരും എന്നെ ഫോണില്‍ വിളിച്ചു. അവരോട് പണം ആവശ്യമില്ലന്ന് പറഞ്ഞു. വ്യാജ അക്കൗണ്ടിനെക്കുറിച്ച്‌ ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി. വിദേശത്തുള്ള പലര്‍ക്കും വ്യാജ അക്കൗണ്ടില്‍ നിന്ന് പണം ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശം പോയിട്ടുണ്ട്.’ – ടി ഐ മധുസൂദനന്‍ പറഞ്ഞു. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുത് എന്ന് ടി ഐ മധുസൂദനന്‍ സുഹൃത്തുക്കളെയും പരിചയക്കാരെയും അറിയിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2