ചങ്ങനാശേരി: സിനിമ ഷൂട്ടിംങ്ങ് ആവശ്യത്തിന് എന്ന പേരിൽ നിരവധി കാറുകൾ വാടകയ്ക്കു എടുത്തു  തട്ടിപ്പ് നടത്തിയ യുവതിയും യുവാവുമാണ് പിടിയിൽ. സിനിമാ ഷൂട്ടിംങിനെന്ന പേരില്‍ വാടകയ്ക്ക് എടുക്കുന്ന കാറുകള്‍ പണയം വച്ച് പത്ത് ലക്ഷത്തോളം രൂപയാണ് സംഘം പണം തട്ടിയെടുത്തത്. കോട്ടയം സ്വദേശിനിയായ ലക്ഷ്മി(35) കാഞ്ഞിരപ്പള്ളി സ്വദേശിയായ ജിന്റോ (25) എന്നിവരെയാണ് പൊലീസ് പിടി കൂടിയത്.മൂന്ന് ആഴ്ചയ്ക്ക് മുന്‍പ് ഇവര്‍ക്ക് വാഹനം റെന്റിന് നല്‍കിയ ചങ്ങനാശേരി സ്വദേശിയായ ഫാസില്‍ ബഷീറിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇരുവരെയും തൊടുപുഴയില്‍ നിന്നുമാണ് ഇന്ന് പുലര്‍ച്ചെ പൊലീസ് പിടികൂടിയത്.യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഫാസിലില്‍ നിന്നും ഇടനിലക്കാരന്‍ മുഖേനെ ഇവര്‍ വാഹനം എടുത്തത്. തുടര്‍ന്ന് ആര്‍.സി ബുക്ക് പണയം വച്ച്‌ ഇവര്‍ പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പാണ് ഫാസില്‍ ഇവര്‍ക്ക് വാഹനം നല്‍കിയത്. ആദ്യ ദിവസങ്ങളില്‍ വാടക കൃത്യമായി നല്‍കിയിരുന്നെങ്കിലും പിന്നീട് മുടങ്ങുകയായിരുന്നു. ഇരുവരും ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത് മുങ്ങിയതോടെ ഫാസില്‍ പരാതി നല്‍കുകയായിരുന്നു.കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിലും ഇരുവര്‍ക്കുമെതിരെ സമാനമായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ചങ്ങനാശേരി സി.ഐ പ്രശാന്ത് കുമാര്‍ പറഞ്ഞു. സമീപ ജില്ലകളിലും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. ഇവര്‍ വാഹനം പണയം വച്ചത് എവിടെയാണെന്നും വാഹനം സ്വീകരിച്ചവര്‍ എന്തുചെയ്യുകയാണെന്നും പൊലീസ് അന്വേഷിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2