കൊച്ചി: സംസ്ഥാന സര്‍ക്കാറിനെ സ്വര്‍ണ്ണക്കടത്തു കേസില്‍ അടക്കം പ്രതിക്കൂട്ടിലാക്കിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍, ഇതിന് മറുപണിയുമായി രംഗത്തുവന്നിരിക്കയാണ് കേന്ദ്ര ഏജന്‍സികള്‍. മുള്ളിനെ മുള്ളുകൊണ്ടെടുക്കാന്‍ തന്നയൊണ് ഇഡിയുടെ തീരുമാനം.

തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ നടത്തിയ സാമ്ബത്തിക ഇടപാടുകളിലൂടെ നേടിയ കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരുടെ പേരുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോടു പറയാതിരുന്നാല്‍ കേസില്‍ നിന്നു രക്ഷപ്പെടാന്‍ ചിലര്‍ സഹായിക്കുമെന്നു പ്രതി സ്വപ്ന സുരേഷിനെ വനിതാ പൊലീസ് ഉദ്യോഗസ്ഥ തെറ്റിദ്ധരിപ്പിച്ചതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പു കാലത്ത് മുഖ്യമന്ത്രിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. 2020 ഡിസംബര്‍ 16ന് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുമ്ബോള്‍ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഐ ബി ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കോടതി ഉത്തരവു പ്രകാരം ഇഡിയുടെ കസ്റ്റഡിയില്‍ നല്‍കിയ ഘട്ടത്തില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥയാണു മുഖ്യമന്ത്രിയുടെയും ശിവശങ്കറിന്റെയും പേരുകള്‍ ഒരുകാരണവശാലും ഇഡിയോടു പറയരുതെന്നു നിര്‍ദേശിച്ചതെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.

അധികം വൈകാതെ ജയില്‍ മോചിതയാകാന്‍ സഹായിക്കാമെന്നും അതിനു കഴിവുള്ളവര്‍ പുറത്തുണ്ടെന്നും ഉദ്യോഗസ്ഥ ഉറപ്പുനല്‍കി.സ്വപ്‌ന ഉന്നതരുടെ പേരുകള്‍ പറയാതിരിക്കാന്‍ കാരണം ഈ ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദമാണെന്നും വ്യക്തമാക്കുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അവര്‍ സുരക്ഷാ ഡ്യൂട്ടി ചെയ്തതായും ‘ചിലരുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ്’ എത്തിയതെന്നു പറഞ്ഞതായും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.

‘രണ്ടാം ദിവസം അവര്‍ ഡ്യൂട്ടിക്കു വന്നപ്പോള്‍ ഒരു ഫോണുമായാണു വന്നത്. പുറത്തുള്ള ചിലരുമായി സംസാരിച്ചതായും പറഞ്ഞുതരുന്ന പോലെ അവരോടു പറയണമെന്നും സ്‌പെഷല്‍ ബ്രാഞ്ചിന് ഇക്കാര്യം എന്നില്‍ നിന്നു നേരിട്ടു കേള്‍ക്കാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞു. അതിനു ശേഷം ഫോണ്‍ എന്റെ അടുത്തേക്കു നീട്ടിപ്പിടിച്ചു’. വനിതാ പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞതു പോലെ താന്‍ ഫോണില്‍ പറഞ്ഞതായും സ്വപ്ന മൊഴി നല്‍കി. ഇങ്ങനെ സംസാരിച്ചത് ആരോടാണെന്നോ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്ന കാര്യമോ അറിഞ്ഞില്ലെന്നും മൊഴിയില്‍ പറയുന്നു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2